ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിന് കളമൊരുങ്ങുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ലങ്ക ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 230ന് പുറത്തായി.
രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഒരു ഐതിഹാസിക നേട്ടമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഏകദിന ഫോര്‍മാറ്റിലെ 14,000 റണ്‍സ് എന്ന നാഴികക്കല്ലാണ് മുന്‍ ഇന്ത്യന്‍ നായകന് മുമ്പിലുള്ളത്.
ഈ നേട്ടം സ്വന്തമാക്കാന്‍ വിരാടിന് വേണ്ടതാകട്ടെ 128 റണ്‍സും. ഏകദിനത്തിലെ 51ാം സെഞ്ച്വറി നേടി ഈ റെക്കോഡ് രണ്ടാം മത്സരത്തില്‍ തന്നെ മറികടക്കാന്‍ വിരാടിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
58.53 എന്ന മികച്ച ശരാശരിയിലാണ് വിരാട് സ്‌കോര്‍ ചെയ്യുന്നത്. ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ആദ്യ നൂറില്‍ ഏറ്റവും മികച്ച ആവറേജുള്ള താരവും വിരാട് തന്നെ. ഏകദിന ഫോര്‍മാറ്റില്‍ 50 സെഞ്ച്വറി നേടിയ വിരാട് 72 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലും ഒന്നാമന്‍ വിരാട് തന്നെ.
അതേസമയം, 128 റണ്‍സ് കൂടി കണ്ടെത്താനായാല്‍ ഏകദിനത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത് താരമെന്ന നേട്ടവും വിരാടിനെ തേടിയെത്തും.
ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 18,426
കുമാര്‍ സംഗക്കാര – ശ്രീലങ്ക/ഏഷ്യ/ഐ.സി.സി – 14,234
വിരാട് കോഹ്‌ലി – ഇന്ത്യ – 13,872
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ/ ഐ.സി.സി – 13,704
സനത് ജയസൂര്യ – ശ്രീലങ്ക /ഏഷ്യ – 13,430
മഹേല ജയവര്‍ധനെ – ശ്രീലങ്ക/ഏഷ്യ – 12,650
ഇന്‍സമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍/ഏഷ്യ – 11,739
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ ആഫ്രിക്ക/ ഐ.സി.സി – 11.579
അതേസമയം, ആദ്യ മത്സരം സമനിലയിലായതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ഏതെങ്കിലും ഒരു ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂ. ഇക്കാരണത്താല്‍ തന്നെ രണ്ടാം മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാനാകും ഇരു ടീമുകളും ശ്രമിക്കുക.