ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് കാണികളില്ലെങ്കിലും കൊയ്തത് 100 കോടിയ്ക്ക് മുകളില്‍; തുക വെളിപ്പെടുത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
DSport
ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് കാണികളില്ലെങ്കിലും കൊയ്തത് 100 കോടിയ്ക്ക് മുകളില്‍; തുക വെളിപ്പെടുത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th August 2021, 5:04 pm

കൊളംബോ: കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കയില്‍ വെച്ച് നടന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ നിന്ന് ലഭിച്ച തുക പുറത്ത് വിട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.

14.5 മില്യണ്‍ ഡോളര്‍ അഥവാ 107 കോടിക്ക് മുകളിലാണ് വരുമാനമായി ലഭിച്ചതെന്നാണ് (1076621317.00) ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

3 ഏകദിനങ്ങളും 3 ടി-ട്വന്റികളുമാണ് അരങ്ങേറിയിരുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസാ സറ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ നടന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കാണികളില്ലാതെയായിരുന്നു മത്സരം.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണ കൊണ്ടും ചാനല്‍ സംപ്രേഷണ വരുമാനം, പരസ്യ വരുമാനം തുടങ്ങിയ മറ്റു മാര്‍ഗങ്ങളിലൂടെയാണ് 14.5 മില്യണ്‍ നേട്ടം ഉണ്ടാക്കിയതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കൊവിഡ് മൂലം വലിയ കടക്കെണിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ബോര്‍ഡിനെ സംബന്ധിച്ച് ഈ തുക വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

കൊവിഡ് ബാധിച്ച് ഇന്ത്യന്‍ താരം ക്രൂണല്‍ പാണ്ഡ്യ ഉള്‍പ്പടെ 9 താരങ്ങള്‍ക്ക് അവസാന രണ്ട് ടി-ട്വന്റി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധിയെല്ലാം മറികടന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരുടീമുകളും പിന്തുണ നല്‍കിയെന്ന് പ്രസിഡന്റ് ഷാമി ഡി സില്‍വ പറഞ്ഞു.

3 ഏകദിന മത്സരങ്ങള്‍ മാത്രമാണ് ആദ്യം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വയും കൂട്ടിചേര്‍ത്തു. ഷാമി സില്‍വയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടി-ട്വന്റി പരമ്പര കൂടി ഉള്‍പ്പെടുത്തിയത്. ഏകദിന പരമ്പരയില്‍ ഇന്ത്യയും ടി-ട്വന്റി പരമ്പരയില്‍ ശ്രീലങ്കയുമാണ് വിജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  IND vs SL 2021: India’s tour of Sri Lanka generates $14.5 million in revenue