| Friday, 15th November 2024, 11:03 pm

ചരിത്രത്തിലെ അഞ്ചാമന്‍; സഞ്ജുവിനെ സാക്ഷിയാക്കി സഞ്ജുവിന്റെ ലിസ്റ്റിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ആതിഥേയരെ തല്ലിത്തകര്‍ത്താണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

തിലക് വര്‍മ 47 പന്തില്‍ പുറത്താകാതെ 120 റണ്‍സടിച്ചപ്പോള്‍ 56 പന്തില്‍ പുറത്താകാതെ 109 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ഇരുവരുടെയും പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.

തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം സഞ്ജു സെഞ്ച്വറി നേടി തിരിച്ചുവരവ് റോയലാക്കിയപ്പോള്‍ തുടര്‍ച്ചയായ സെഞ്ച്വറിയാണ് തിലക് സ്വന്തമാക്കിയത്.

22ാം വയസില്‍ രണ്ട് ഓവര്‍സീസ് ടി-20ഐ സെഞ്ച്വറി നേടിയാണ് തിലക് വര്‍മ ചരിത്രമെഴുതിയത്.

വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും സെഞ്ച്വറി നേടിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് തിലക് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ അഞ്ചാമത് താരമെന്ന നേട്ടമാണ് തിലക് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. സഞ്ജുവിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും മുംബൈ ഇന്ത്യന്‍സിന്റെ യുവരക്തം സ്വന്തമാക്കി.

അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഗുസ്‌തേവ് മക്കിയോണ്‍ – ഫ്രാന്‍സ് – സ്വിറ്റ്‌സര്‍ലാന്‍ഡ് | നോര്‍വേ – 109 | 101 – 2022

റിലി റൂസോ – സൗത്ത് ആഫ്രിക്ക – ഇന്ത്യ | ബംഗ്ലാദേശ് – 100* | 109 – 2022

ഫില്‍ സോള്‍ട്ട് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് | വെസ്റ്റ് ഇന്‍ഡീസ് – 109* | 119 – 2023

സഞ്ജു സാംസണ്‍ – ഇന്ത്യ – ബംഗ്ലാദേശ് | സൗത്ത് ആഫ്രിക്ക – 111 | 107 – 2024

തിലക് വര്‍മ – ഇന്ത്യ – സൗത്ത് ആഫ്രിക്ക | സൗത്ത് ആഫ്രിക്ക – 107* | 120* – 2024

ഇതിനൊപ്പം തന്നെ ഇന്ത്യക്കായി ഒന്നിലധികം ടി-20 സെഞ്ച്വറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും തിലക് തന്റെ പേരിലെഴുതിച്ചേര്‍ത്തു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4), സഞ്ജു സാംസണ്‍ (3), കെ.എല്‍. രാഹുല്‍ (2) എന്നിവരാണ് ഇന്ത്യക്കായി ഒന്നില്‍ക്കൂടുതല്‍ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയ താരങ്ങള്‍.

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍ എന്ന നിലയിലാണ്. റീസ ഹെന്‍ഡ്രിക്‌സിനെ അര്‍ഷ്ദീപ് സിങ് സില്‍വര്‍ ഡക്കായി മടക്കിയപ്പോള്‍ ആറ് പന്തില്‍ ഒരു റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടണെ ഹര്‍ദിക് പാണ്ഡ്യയും മടക്കി.

ഇരു ടീമിനെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയില്‍ ഇതിനോടകം 2-1ന് ലീഡെടുത്ത ഇന്ത്യക്ക് നാലാം മത്സരം വിജയിച്ചാല്‍ സീരീസ് സ്വന്തമാക്കാം. അതേസമയം, ആതിഥേയരായ സൗത്ത് ആഫ്രിക്കയാകട്ടെ വിജയത്തോടെ പരമ്പര സമനിലയില്‍ പിടിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രമണ്‍ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍, ജെറാള്‍ഡ് കോട്‌സി, ആന്‍ഡില്‍ സിമലാനെ, കേശവ് മഹാരാജ്, ലുതോ സിപാംല.

Content Highlight: IND vs SA: Tilak Varma becomes 5th ever batter to score back to back T20I centuries

We use cookies to give you the best possible experience. Learn more