ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ആതിഥേയരെ തല്ലിത്തകര്‍ത്താണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.
തിലക് വര്‍മ 47 പന്തില്‍ പുറത്താകാതെ 120 റണ്‍സടിച്ചപ്പോള്‍ 56 പന്തില്‍ പുറത്താകാതെ 109 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ഇരുവരുടെയും പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.
Innings Break!
Absolutely dominating batting display from #TeamIndia at The Wanderers Stadium, Johannesburg⚡️ ⚡️
1⃣2⃣0⃣* from Tilak Varma
1⃣0⃣9⃣* from Sanju Samson
തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം സഞ്ജു സെഞ്ച്വറി നേടി തിരിച്ചുവരവ് റോയലാക്കിയപ്പോള്‍ തുടര്‍ച്ചയായ സെഞ്ച്വറിയാണ് തിലക് സ്വന്തമാക്കിയത്.
22ാം വയസില്‍ രണ്ട് ഓവര്‍സീസ് ടി-20ഐ സെഞ്ച്വറി നേടിയാണ് തിലക് വര്‍മ ചരിത്രമെഴുതിയത്.
വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും സെഞ്ച്വറി നേടിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് തിലക് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ അഞ്ചാമത് താരമെന്ന നേട്ടമാണ് തിലക് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. സഞ്ജുവിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും മുംബൈ ഇന്ത്യന്‍സിന്റെ യുവരക്തം സ്വന്തമാക്കി.
ഇതിനൊപ്പം തന്നെ ഇന്ത്യക്കായി ഒന്നിലധികം ടി-20 സെഞ്ച്വറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും തിലക് തന്റെ പേരിലെഴുതിച്ചേര്‍ത്തു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4), സഞ്ജു സാംസണ്‍ (3), കെ.എല്‍. രാഹുല്‍ (2) എന്നിവരാണ് ഇന്ത്യക്കായി ഒന്നില്‍ക്കൂടുതല്‍ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയ താരങ്ങള്‍.
അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍ എന്ന നിലയിലാണ്. റീസ ഹെന്‍ഡ്രിക്‌സിനെ അര്‍ഷ്ദീപ് സിങ് സില്‍വര്‍ ഡക്കായി മടക്കിയപ്പോള്‍ ആറ് പന്തില്‍ ഒരു റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടണെ ഹര്‍ദിക് പാണ്ഡ്യയും മടക്കി.
ഇരു ടീമിനെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയില്‍ ഇതിനോടകം 2-1ന് ലീഡെടുത്ത ഇന്ത്യക്ക് നാലാം മത്സരം വിജയിച്ചാല്‍ സീരീസ് സ്വന്തമാക്കാം. അതേസമയം, ആതിഥേയരായ സൗത്ത് ആഫ്രിക്കയാകട്ടെ വിജയത്തോടെ പരമ്പര സമനിലയില്‍ പിടിക്കാനുള്ള ശ്രമത്തിലാണ്.