|

ആ സിക്‌സര്‍ പറന്നിറങ്ങിയത് രണ്ടാം സ്ഥാനത്തേക്ക്; 2024ല്‍ രോഹിത്തിനെ പിന്തള്ളി സൂപ്പര്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ നാലാമത്തെയും അവസാനത്തെയും മത്സരം ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു.

ഇരു ടീമിനെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയില്‍ ഇതിനോടകം 2-1ന് ലീഡെടുത്ത ഇന്ത്യക്ക് നാലാം മത്സരം വിജയിച്ചാല്‍ സീരീസ് സ്വന്തമാക്കാം. അതേസമയം, ആതിഥേയരായ സൗത്ത് ആഫ്രിക്കയാകട്ടെ വിജയത്തോടെ പരമ്പര സമനിലയില്‍ പിടിക്കാനുള്ള ശ്രമത്തിലാണ്.

ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് കളത്തിലിറക്കിയത്.

പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ നാലാം മത്സരത്തില്‍ മികച്ച രീതിയില്‍ ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ്. മാര്‍കോ യാന്‍സനെറിഞ്ഞ ആദ്യ ഓവറില്‍ ബാക്ക് ഫൂട്ടിലേക്കിറങ്ങി ഡിഫന്‍സീവായി കളിച്ച താരം ജെറാള്‍ഡ് കോട്‌സിയുടെ രണ്ടാം ഓവറില്‍ നാച്ചുറല്‍ ഗെയിം പുറത്തെടുത്തു. ഒരു സിക്‌സറും ഒരു ഫോറുമായാണ് സഞ്ജു ബൗണ്ടറികള്‍ക്ക് തുടക്കമിട്ടത്.

രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ജെറാള്‍ഡ് കോട്‌സിയെ സിക്‌സറിന് പറത്തിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടു. 2024ല്‍ ഏറ്റവുമധികം ടി-20 സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഒറ്റയ്ക്ക് നേടിയാണ് താരം റെക്കോഡിട്ടത്.

ഇത് 47ാം സിക്‌സറാണ് താരം കോട്‌സിക്കെതിരെ നേടിയത്. മത്സരത്തില്‍ നാല് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ സഞ്ജു മറ്റൊരു സിക്‌സറും സ്വന്തമാക്കി.

2024ല്‍ ഏറ്റവുമധികം ടി-20 സിക്സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – സിക്സര്‍ എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 65*

സഞ്ജു സാംസണ്‍ – 48*

രോഹിത് ശര്‍മ – 46

വിരാട് കോഹ്‌ലി – 45

ശിവം ദുബെ – 43

റിയാന്‍ പരാഗ് – 42

അതേസമയം, മത്സരത്തിന്റെ ആദ്യ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 44 എന്ന നിലയിലാണ് ഇന്ത്യ. 15 പന്തില്‍ 27 റണ്‍സുമായി സഞ്ജുവും ഒമ്പത് പന്തില്‍ പത്ത് റണ്‍സുമായി അഭിഷേക് ശര്‍മയുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രമണ്‍ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍, ജെറാള്‍ഡ് കോട്‌സി, ആന്‍ഡില്‍ സിമലാനെ, കേശവ് മഹാരാജ്, ലുതോ സിപാംല.

Content Highlight: IND vs SA: Sanju Samson surpassed Rohit Sharma in most T20 sixes in 2024

Video Stories