ഡര്‍ബനിലെ തങ്ങളുടെ സമഗ്രാധിപത്യം തുടര്‍ന്നുകൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 141ന് പുറത്തായി.
സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ബാറ്റിങ് ദുഷ്‌കരമായ സാഹചര്യത്തിലും തന്റെ സ്വതസിദ്ധമായ രീതിയില്‍ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്ത സഞ്ജു കരിയറിലെ രണ്ടാം ടി-20 സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
50 പന്തില്‍ 107 റണ്‍സടിച്ചാണ് സഞ്ജു പുറത്തായത്. ആകാശം തൊട്ട പത്ത് സിക്‌സറും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടെ 214.00 എന്ന തട്ടുപൊളിപ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.
ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ സെഞ്ച്വറി നേടി ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന ചരിത്ര നേട്ടം കുറിച്ച സഞ്ജു ടി-20യില്‍ ഇന്ത്യക്കായി തുടര്‍ച്ചയായ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും കുറിച്ചു.
സഞ്ജുവിന്റെ ഈ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തിന് ക്രിക്കറ്റ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിനന്ദനങ്ങളെത്തിയിരുന്നു.
സഞ്ജുവിനെ സ്‌പെഷ്യല്‍ ടാലന്റ് എന്നായിരുന്നു ഹര്‍ഷ ഭോഗ്ലെ വിശേഷിപ്പിച്ചത്. സഞ്ജു എന്തുകൊണ്ട് ടീമിലുണ്ടാകണമെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും ഭോഗ്ലെ പറഞ്ഞു.
സഞ്ജുവിനോടുള്ള സ്‌നേഹവും മത്സരത്തിന്റെ ആവേശവും ഒന്നുപോലെ ഉള്‍ച്ചേര്‍ന്നതായിരുന്നു റോബിന്‍ ഉത്തപ്പയുടെ അഭിനന്ദന പോസ്റ്റ്. ‘സഞ്ജപ്പാ…’ എന്ന് വിളിച്ച് ‘നീ അടിപൊളിയാണെടാ’ എന്നാണ് ഉത്തപ്പ കുറിച്ചത്.
ദിനേഷ് കാര്‍ത്തിക്, ആകാശ് ചോപ്ര, ഹര്‍ഭജന്‍ സിങ്, യൂസുഫ് പത്താന്‍ തുടങ്ങി നിരവധി താരങ്ങളും സഞ്ജുവിനെ അഭിനന്ദിച്ചിരുന്നു.
അതേസമയം, ഈ വിജയത്തിന് പിന്നാലെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുമ്പിലെത്തിയിരിക്കുകയാണ്. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.
Content highlight: IND vs SA: Indian legends praises Sanju Samson after huis brilliant century against South Africa