| Friday, 15th November 2024, 10:32 pm

രണ്ട് സെഞ്ച്വറികള്‍, ചെകുത്താനും കടലിനും ഇടയില്‍ പെട്ട് സൗത്ത് ആഫ്രിക്ക; ജോബെര്‍ഗില്‍ വാടിക്കരിഞ്ഞ് പ്രോട്ടിയാ പുഷ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ സഞ്ജു സാംസണും തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം സെഞ്ചൂറിയനില്‍ അര്‍ധ സെഞ്ച്വറിയുമായി തിരിച്ചുവന്ന അഭിഷേക് വര്‍മയുമാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ആരംഭിച്ചത്.

കഴിഞ്ഞ രണ്ട് മത്സരത്തിലും തന്നെ സംപൂജ്യനായി മടക്കിയ മാര്‍കോ യാന്‍സെറിഞ്ഞ ആദ്യ ഓവറില്‍ ഡിഫന്‍സിലേക്ക് ചുവടുമാറ്റിയ സഞ്ജു സാംസണ്‍ ജെറാള്‍ഡ് കോട്‌സിയെറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ വെടിക്കെട്ടിന്റെ ലക്ഷണങ്ങള്‍ പുറത്തെടുത്തു. തുടര്‍ന്നങ്ങോട്ട് സിക്‌സറുകളുടെ പെരുമഴയായിരുന്നു വാണ്ടറേഴ്‌സ് സ്റ്റേഡിയം കണ്ടത്.

ഒരുവശത്ത് നിന്ന് സഞ്ജുവും മറുവശത്ത് നിന്ന് അഭിഷേക് ശര്‍മയും ആഞ്ഞടിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ടീം സ്‌കോര്‍ 73ല്‍ നില്‍ക്കവെ തിലക് വര്‍മയെ പുറത്താക്കി ലുതോ സിപാംല സൗത്ത് ആഫ്രിക്കക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കി. ഇരുവരുടെയും കൂട്ടുകെട്ട് തകര്‍ത്തതോടെ ഇന്ത്യന് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയുമെന്ന് സൗത്ത് ആഫ്രിക്ക പ്രതീക്ഷിച്ചെങ്കിലും ആ കണക്കുകൂട്ടലുകള്‍ പാടെ പാളി.

പിടിച്ചതിനേക്കാള്‍ വലുതായിരുന്നു മാളത്തിലെന്ന പോലെ വണ്‍ ഡൗണായിറങ്ങിയ തിലക് വര്‍മയും വെടിക്കെട്ട് നടത്തി.

നേരിട്ട 51ാം പന്തില്‍ സഞ്ജു സാംസണ്‍ തന്റെ ടി-20 കരിയറിലെ മൂന്നാം ടി-20 സെഞ്ച്വറിയും ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ട് പൂജ്യങ്ങള്‍ക്ക് ശേഷം സെഞ്ച്വറിയടിച്ചാണ് സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചത്.

സഞ്ജുവിനേക്കാള്‍ വേഗത്തില്‍ സെഞ്ച്വറി നേടിയാണ് തിലക് വര്‍മ തിളങ്ങിയത്. നേരിട്ട 41ാം പന്തിലാണ് തിലക് ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്.

ഇതോടെ തുടര്‍ച്ചയായ ടി-20 മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും തിലക് വര്‍മ ഇടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാം താരവും രണ്ടാമത് ഇന്ത്യന്‍ താരവുമാണ് തിലക്. ഈ നേട്ടത്തില്‍ ആദ്യമെത്തിയ സഞ്ജുവിനെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു രണ്ടാമനായി തിലക് പട്ടികയില്‍ ഇടം നേടിയത്.

ഇതിനൊപ്പം രണ്ടാം വിക്കറ്റില്‍ 200 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിനും തിലകിനും സാധിച്ചു.

20 ഓവര്‍ അവസാനിച്ചപ്പോള്‍ 47 പന്തില്‍ പുറത്താകാതെ 120 റണ്‍സുമായി തിലക് വര്‍മയും 56 പന്തില്‍ പുറത്താകാതെ 109 റണ്‍സുമായി സഞ്ജു സാംസണും ആതിഥേയരെ തല്ലിക്കരയിച്ചു.

ഇരു ടീമിനെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയില്‍ ഇതിനോടകം 2-1ന് ലീഡെടുത്ത ഇന്ത്യക്ക് നാലാം മത്സരം വിജയിച്ചാല്‍ സീരീസ് സ്വന്തമാക്കാം. അതേസമയം, ആതിഥേയരായ സൗത്ത് ആഫ്രിക്കയാകട്ടെ വിജയത്തോടെ പരമ്പര സമനിലയില്‍ പിടിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രമണ്‍ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍, ജെറാള്‍ഡ് കോട്‌സി, ആന്‍ഡില്‍ സിമലാനെ, കേശവ് മഹാരാജ്, ലുതോ സിപാംല.

Content highlight: IND vs SA: India scored 283 runs in 4th T20

We use cookies to give you the best possible experience. Learn more