| Saturday, 9th November 2024, 8:48 am

സഞ്ജുവിന്റെ സിക്‌സര്‍ മഴയില്‍ മുങ്ങാതെ ക്ലാസന്റെ ഒറ്റ സിക്‌സര്‍; ചരിത്രനേട്ടത്തില്‍ വിന്‍ഡീസിന്റെ കുത്തകയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഡര്‍ബനിലെ കിങ്‌സ്മീഡിവല്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 141ന് പുറത്തായി.

ഡേവിഡ് മില്ലറും, ഹെന്‌റിക് ക്ലാസനും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവും അടങ്ങുന്ന ബാറ്റിങ് യൂണിറ്റില്‍ ആരാധകര്‍ കാര്യമായി പ്രതീക്ഷ വെച്ചിരുന്നെങ്കിലും ഡര്‍ബനിലെ ഇന്ത്യന്‍ ജയഘോഷം തുടര്‍ന്നു.

22 പന്തില്‍ 25 റണ്‍സ് നേടിയ ഹെന്‌റിക് ക്ലാസനാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. രണ്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇന്ത്യക്കെതിരെ നേടിയത് ഒറ്റ സിക്‌സര്‍ മാത്രമാണെങ്കിലും ഒരു ചരിത്രനേട്ടത്തിലെത്താന്‍ ആ സിക്‌സര്‍ ധാരാളമായിരുമന്നു. ഒരു കലണ്ടര്‍ ഇയറില്‍ 100 ടി-20 സിക്‌സര്‍ എന്ന നേട്ടത്തിലേക്കാണ് ക്ലാസനെത്തിയത്. ഈ വര്‍ഷം സിക്‌സറില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് മാത്രം ബാറ്ററാണ് ക്ലാസന്‍.

ഈ റെക്കോഡിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് താരമല്ലാത്ത ആദ്യ ബാറ്റര്‍ എന്ന നേട്ടവും ക്ലാസന്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഗെയ്‌ലും പൂരനും അടങ്ങുന്ന കരീബിയന്‍ നിരയുടെ മാത്രം കുത്തകയായിരുന്ന നേട്ടത്തിലേക്കാണ് ക്ലാസനും നടന്നുകയറിയത്.

ഒരു കലണ്ടര്‍ ഇയറില്‍ 100 ടി-20 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന താരങ്ങള്‍

(താരം – സിക്‌സറുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

നിക്കോളാസ് പൂരന്‍ – 165* – 2024

ക്രിസ് ഗെയ്ല്‍ – 135 – 2015

ക്രിസ് ഗെയ്ല്‍ – 121 – 2012

ക്രിസ് ഗെയ്ല്‍ – 116 – 2011

ക്രിസ് ഗെയ്ല്‍ – 112 – 2016

ക്രിസ് ഗെയ്ല്‍ – 101 – 2017

ആന്ദ്രേ റസല്‍ – 101 – 2019

ക്രിസ് ഗെയ്ല്‍ – 100 – 2013

ഹെന്‌റിക് ക്ലാസന്‍ – 100* – 2024

ഈ വര്‍ഷം ടി-20 ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയ 49 ഇന്നിങ്‌സില്‍ നിന്നും 1362 റണ്‍സാണ് ക്ലാസന്‍ സ്വന്തമാക്കിയത്. 33.21 എന്ന മികച്ച ശരാശരിയിലും 164.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്. 100 സിക്‌സറിന് പുറമെ 69 ഫോറും താരം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

സൗത്ത് ആഫ്രിക്ക, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് (എസ്.എ 20), സിയാറ്റില്‍ ഓര്‍ക്കാസ് (മേജര്‍ ലീഗ് ക്രിക്കറ്റ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (ഐ.പി.എല്‍) ടൈറ്റന്‍സ് (ടി-20 ചലഞ്ച്) എന്നിവര്‍ക്കായാണ് ക്ലാസന്‍ ബാറ്റെടുത്തത്.

അതേസമയം, ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത മത്സരങ്ങളില്‍ തിരിച്ചുവരവിനാണ് ക്ലാസും സൗത്ത് ആഫ്രിക്കയും ഒരുങ്ങുന്നത്.

ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.

Content highlight: IND vs SA: Heinrich Klaasen joins the elite list of players with 100 T20 sixes in a calendar year

We use cookies to give you the best possible experience. Learn more