| Saturday, 16th November 2024, 2:55 pm

ഇപ്പോഴും സഞ്ജുവിനെ വെറുക്കുന്നവരോട് സഹതാപം മാത്രം, വിരോധത്താല്‍ അന്ധത ബാധിച്ചവര്‍ക്ക് എത്ര സുന്ദരമായ കാഴ്ചകളാണ് നഷ്ടമാവുന്നത്

സന്ദീപ് ദാസ്

1976ല്‍ നടന്ന സംഭവമാണ്. പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ വെച്ച് അരങ്ങേറിയ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി. നാലാം ഇന്നിങ്‌സില്‍ 403 റണ്ണുകളുടെ പടുകൂറ്റന്‍ വിജയലക്ഷ്യം ഭേദിച്ച ഇന്ത്യ ചരിത്രം തന്നെയാണ് സൃഷ്ടിച്ചത്.

മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യയെ നേരിടാനിറങ്ങിയ വിന്‍ഡീസ് നായകന്‍ ക്ലൈവ് ലോയ്ഡിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു.
അടുത്ത ടെസ്റ്റില്‍ കരീബിയന്‍ പടയുടെ രൂപവും ഭാവവും മാറി. ലക്ഷണമൊത്ത നാല് പേസര്‍മാര്‍ ഇന്ത്യയ്‌ക്കെതിരെ അണിനിരന്നു.

സാക്ഷാല്‍ മൈക്കല്‍ ഹോള്‍ഡിങ്ങ് റൗണ്ട് ദ വിക്കറ്റ് ശൈലിയില്‍ ബൗണ്‍സറുകളും ബീമറുകളും വര്‍ഷിച്ചു! അത് താങ്ങാനുള്ള ശേഷി ഇന്ത്യക്ക് ഇല്ലായിരുന്നു.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ ചെവിയില്‍ ഏറുകൊണ്ടു. ചിലരുടെ മുഖത്ത് തുന്നലുകള്‍ ഇടേണ്ടിവന്നു. ചിലര്‍ ഭയം മൂലം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതുപോലുമില്ല! നാല് ദിവസങ്ങള്‍ക്കകം ഇന്ത്യ മത്സരവും പരമ്പരയും അടിയറവ് വെച്ചു! ചില മാധ്യമങ്ങള്‍ എഴുതി,

”ഇത് ക്രിക്കറ്റല്ല. കാടന്‍ പൂച്ചയുടെ നായാട്ടാണ്!”

48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലൈവ് ലോയ്ഡ് നടപ്പിലാക്കിയ തന്ത്രത്തിന്റെ ആധുനിക രൂപമാണ് എയ്ഡന്‍ മര്‍ക്രം പ്രദര്‍ശനത്തിനുവെച്ചത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാമത്തെ ടി-20 മാച്ചിനുവേണ്ടി ഒരുക്കപ്പെട്ട പ്രതലത്തില്‍ ആവശ്യത്തിലേറെ പേസും ബൗണ്‍സും ഉണ്ടായിരുന്നു. ഇത്രയേറെ പുല്ലുള്ള പിച്ച് ടി-20 ക്രിക്കറ്റില്‍ സാധാരണ ഉപയോഗിക്കാറില്ല എന്ന് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരമായ ഷോണ്‍ പൊള്ളോക്ക് അഭിപ്രായപ്പെടുകയും ചെയ്തു.

മാര്‍ക്കോ യാന്‍സന്റെ ആദ്യ ഓവര്‍ ഭയപ്പെടുത്തുന്നതായിരുന്നു. 3 പന്തുകള്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിന്റെ എഡ്ജിലാണ് തട്ടിയത്! അഭിഷേക് ശര്‍മയ്ക്ക് ജീവന്‍ ലഭിച്ചു! ഓവറിലെ അവസാന ഡെലിവെറി അഭിഷേകിന്റെ ഹെല്‍മറ്റിലാണ് പതിച്ചത്! കൂടെ യാന്‍സന്റെ തുറിച്ചുനോട്ടവും.

അടുത്ത ഓവര്‍ ജെറാള്‍ഡ് കോട്‌സിയയാണ് എറിഞ്ഞത്. പ്രോട്ടിയാസ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു പന്ത് മിഡ്-വിക്കറ്റിനുമുകളിലൂടെ ഗാലറിയിലേയ്ക്ക് പറന്നു! പിന്നാലെ ഒരു ക്ലാസിക് സ്‌ക്വയര്‍കട്ടും അതോടെ മര്‍ക്രം ബൗണ്ടറി കാവലിന് രണ്ട് ഫീല്‍ഡര്‍മാരെ വിന്യസിച്ചു.

തീകൊണ്ട് കളിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ രണ്ടേ രണ്ട് ഷോട്ടുകള്‍ കൊണ്ട് ബാക്ക്ഫൂട്ടിലേക്ക് തള്ളിയിടാന്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ക്ക് സാധിച്ചു! അവനായിരുന്നു സഞ്ജു സാംസണ്‍!

പിന്നീട് ദക്ഷിണാഫ്രിക്ക കണ്ടത് 283 എന്ന ഇന്ത്യന്‍ ടോട്ടലാണ്! ലോയ്ഡിന്റെ മാതൃകയില്‍ നേട്ടം കൊയ്യാന്‍ മര്‍ക്രമിന് കഴിഞ്ഞില്ല. സഞ്ജുവും തിലക് വര്‍മയും അടങ്ങുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ പേസും ബൗണ്‍സും കൊണ്ട് വിറപ്പിക്കാന്‍ സാധിക്കുകയില്ലായിരുന്നു.

ജൊഹാനസ്ബര്‍ഗിലെ സ്‌ട്രെയ്റ്റ് ബൗണ്ടറിക്ക് 86 മീറ്റര്‍ നീളമുണ്ട്. ആ ലോങ്ങ് ബൗണ്ടറിയെ എത്ര നിസാരമായിട്ടാണ് സഞ്ജു കീഴടക്കിയത്! അര്‍ധസെഞ്ച്വറിയുടെയും സെഞ്ച്വറിയുടെയും വക്കില്‍ നില്‍ക്കുമ്പോള്‍ പോലും സഞ്ജു സ്‌ട്രെയ്റ്റ് ഹിറ്റുകളാണ് തൊടുത്തുവിട്ടത്! കൈക്കരുത്തും ചങ്കുറപ്പും സഞ്ജുവിലൂടെ മനുഷ്യരൂപം കൊള്ളുകയായിരുന്നു.

പേസി ഡെലിവെറികള്‍ ഫലിക്കാതെ വന്നപ്പോള്‍ സൗത്ത് ആഫ്രിക്ക ബാക്ക് ഓഫ് ദ ഹാന്‍ഡ് സ്ലോബോളുകള്‍ പരീക്ഷിച്ചു. പക്ഷേ സഞ്ജു അവയെ വായിച്ചെടുത്തു. അത്തരം പന്തുകള്‍ക്ക് ചേരുന്ന വിധത്തില്‍ ഷോട്ടുകള്‍ ഡിലേ ചെയ്തു. ക്രീസിന്റെ ആഴം മുതലെടുത്ത് പുള്ളുകള്‍ക്ക് ജന്മംനല്‍കി. കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തുകടന്ന് റിവേഴ്‌സ് സ്വീപ് വരെ കളിച്ചു!

സീരീസ് കൈവിട്ടുപോകരുത് എന്ന ശാഠ്യം ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിരുന്നു. പതിവില്ലാത്തവിധം എതിരാളികളെ സ്ലെഡ്ജ് ചെയ്ത ക്ലാസനും പരിക്കിനെ വകവെയ്ക്കാതെ മൈതാനത്തിലേയ്ക്ക് തിരിച്ചെത്തിയ കോട്‌സിയയുമെല്ലാം അതിന്റെ ഉദാഹരണങ്ങളായിരുന്നു. പക്ഷേ സഞ്ജുവും തിലകും അവരെ ചവിട്ടിയരച്ചു!

ഒരു ഷോര്‍ട്ട് ഡെലിവെറി തിലകിന്റെ ചുമലില്‍ കൊണ്ടപ്പോള്‍ അയാള്‍ ഗ്രൗണ്ടില്‍ വീണുപോയി. ടീം ഫിസിയോയ്ക്ക് തിലകിനെ പരിചരിക്കേണ്ടിവന്നു. എന്നാല്‍ അതേ ഓവറില്‍ വന്ന മറ്റൊരു ഷോര്‍ട്ട്‌ബോളിനെ അയാള്‍ സ്റ്റാന്‍ഡ്‌സിലേയ്ക്ക് പുള്‍ ചെയ്തു അത്രയുമായിരുന്നു തിലകിന്റെ പോരാട്ടവീര്യം.

ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ നായകനായ സൂര്യകുമാര്‍ യാദവിന്റെ കണ്ണുകളില്‍ ഒരിറ്റ് ആനന്ദക്കണ്ണീരുണ്ടായിരുന്നു. ഇങ്ങനെയൊരു ബാറ്റിങ്ങ് വിസ്‌ഫോടനം കണ്ടാല്‍ എങ്ങനെ കണ്ണും മനസും നിറയാതിരിക്കും?

ഇപ്പോഴും സഞ്ജുവിനെ വെറുക്കുന്ന ആളുകളോട് സഹതാപം മാത്രമേയുള്ളൂ. വിരോധം മൂലം അന്ധത ബാധിച്ച അവര്‍ക്ക് എത്ര സുന്ദരമായ കാഴ്ച്ചകളാണ് നഷ്ടമാവുന്നത്!

സഞ്ജു സെഞ്ച്വറി കടന്നപ്പോള്‍ സൂര്യയും തിലകും ‘മസില്‍ സെലിബ്രേഷന്‍’ നടത്തിയിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ആഘോഷത്തില്‍ കണ്ടത് മിതത്വമാണ്. ഒരുപക്ഷേ സഞ്ജു മനസ്സില്‍ കരുതിയിട്ടുണ്ടാകും,

”ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്? ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?’

വാണ്ടറേഴ്‌സ് സ്റ്റേഡിയം അറിയപ്പെടുന്നത് ‘ബുള്‍ റിങ്’ എന്നാണ്. കാളപ്പോരിന്റെ വേദികളെ ഓര്‍മിപ്പിക്കുന്ന ഡിസൈനാണ് ആ സ്റ്റേഡിയത്തിനുള്ളത്. പോരുകാളകളുടെ ശൗര്യത്തോടെയാണ് ദക്ഷിണാഫ്രിക്ക അവിടെ അങ്കത്തിനിറങ്ങിയത്.

എന്നാല്‍ ഫോമിലുള്ള സഞ്ജു സാംസണ്‍ ഗ്രീക്ക് പുരാണത്തിലെ ശക്തിദേവനായ ഹെര്‍ക്കുലീസിനെപ്പോലെയാണ്! സിംഹത്തെപ്പോലും എതിരിട്ടവനാണ് ഹെര്‍ക്കുലീസ്! ആ യുദ്ധത്തിന്റെ വിവരണം ഇങ്ങനെയാണ്,

”ഹെര്‍ക്കുലീസ് ഒരു മരം പിഴുതെടുത്ത് ഗദകൊണ്ടെന്ന പോലെ സിംഹത്തെ പ്രഹരിച്ചു. അവശനായ സിംഹത്തിന്റെ പുറത്ത് ഹെര്‍ക്കുലീസ് ചാടിക്കയറി. തന്റെ ഇരുമ്പുമുഷ്ടികൊണ്ട് ഹെര്‍ക്കുലീസ് സിംഹത്തെ കഴുത്തുഞെരിച്ചുകൊന്നു.”

അതിനെ ക്രിക്കറ്റിലേയ്ക്ക് പരിഭാഷപ്പെടുത്താം,

”ബുള്‍ റിങ്ങില്‍ സാംസണിന്റെ ബാറ്റ് ഒരു ഹാമര്‍ പോലെ കാണപ്പെട്ടു! അയാളുടെ ഉരുക്കുമുഷ്ടികള്‍ക്കുള്ളില്‍ ദക്ഷിണാഫ്രിക്കയുടെ പോരുകാളകള്‍ ഞെരിഞ്ഞമര്‍ന്നു….”

Content highlight: IND vs SA 4th T20I: Sandeep Das writes about Sanju Samson’s innings

സന്ദീപ് ദാസ്

എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more