ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടി-20ക്ക് കളമൊരുങ്ങുകയാണ്. സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കാണ് വേദി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വിതം വിജയിച്ച് 1-1 എന്ന നിലയില്‍ സമനില പാലിക്കുകയാണ്.
ബാറ്റിങ്ങിന് അനുകൂലമായ മണ്ണാണ് സെഞ്ചൂറിയന്റേത്. ഈ ആനുകൂല്യം മുതലെടുക്കാന്‍ തന്നെയാകും ഇരു ടീമുകളും ശ്രമിക്കുക. വമ്പനടിവീരന്‍മാര്‍ ഇരു ടീമുകളിലും വേണ്ടുവോളം ഉണ്ട് എന്നതിനാല്‍ തന്നെ ആരാധകര്‍ക്ക് ഇന്ന് വിരുന്നായിരിക്കും.
വിന്‍ഡീസിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരമാണ് ഇതിന് മുമ്പ് സെഞ്ചൂറിയനില്‍ നടന്ന അവസാന ടി-20 മത്സരം. റണ്ണൊഴുകിയ മത്സരത്തില്‍ ആറ് വിക്കറ്റിന് ആതിഥേയര്‍ വിജയിച്ചുകയറുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി. 46 പന്തില്‍ 118 റണ്‍സടിച്ച ജോണ്‍സണ്‍ ചാള്‍സിന്റെ കരുത്തിലാണ് കരീബിയന്‍സ് വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 11 ഫോറും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
27 പന്തില്‍ 51 റണ്‍സടിച്ച കൈല്‍ മയേഴ്‌സിന്റെയും 18 പന്തില്‍ പുറത്താകാതെ 41 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ പ്രകടനവും വിന്‍ഡീസിന് തുണയായി.
എന്നാല്‍ ഈ കൂറ്റന്‍ സ്‌കോര്‍ ഏഴ് പന്ത് ബാക്കി നില്‍ക്കെ പ്രോട്ടിയാസ് മറികടക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 152 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്വിന്റണ്‍ ഡി കോക്കും റീസ ഹെന്‍ഡ്രിക്‌സുമാണ് ആതിഥേയര്‍ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഡി കോക്ക് 44 പന്തില്‍ 100 റണ്‍സുമായി മടങ്ങിയപ്പോള്‍ 28 പന്തില്‍ 68 റണ്‍സാണ് ഹെന്‍ഡ്രിക്‌സ് നേടിയത്.
ഇതേ ബാറ്റിങ് കണ്ടീഷനാണ് ഇന്നുമുള്ളതെങ്കില്‍ ബൗളര്‍മാര്‍ അടിവാങ്ങിച്ചുകൂട്ടുമെന്നുറപ്പ്.
രണ്ടാം മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ താളം തെറ്റിയതാണ് ഇന്ത്യയുടെ പരാജയത്തിലേക്ക് വഴിവെച്ചത്. ഒപ്പം ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ ചില തീരുമാനങ്ങള്‍ പാളിയതും ഇന്ത്യക്ക് തിരിച്ചടിയായി.
സഞ്ജു സാംസണും സൂര്യകുമാറും പ്രതീക്ഷ നല്‍കുന്ന ടോപ് ഓര്‍ഡറിവല്‍ അഭിഷേക് ശര്‍മയുടെ മോശം പ്രകടനമാണ് ആരാധകരെ നിരാശരാക്കുന്നത്. അവസാന മൂന്ന് മത്സരത്തില്‍ ഒന്നില്‍ പോലും ഇരട്ടയക്കം കാണാന്‍ താരത്തിന് സാധിച്ചിട്ടില്ല. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് റണ്‍സിന് മടങ്ങിയ താരം രണ്ടാം മത്സരത്തില്‍ നാല് റണ്‍സിനും മടങ്ങി.
സെഞ്ചൂറിയനില്‍ അഭിഷേകിന് വീണ്ടും അവസരം നല്‍കാന്‍ പരിശീലകന്റെ ചുമതലയുള്ള വി.വി.എസ് ലക്ഷ്മണ്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം.
സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ഫോമാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഫൈഫര്‍ നേട്ടമാണിത്. ടി-20 കരിയറിലെ മികച്ച ബൗളിങ് ഫിഗറും ഇതുതന്നെ. ഈ പ്രകടനം സെഞ്ചൂറിയനിലും പുറത്തെടുക്കാന്‍ ചക്രവര്‍ത്തിക്ക് സാധിച്ചാല്‍ പരമ്പരയില്‍ ലീഡ് നേടാനും ഇന്ത്യക്ക് സാധിക്കും.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്‍, ആവേശ് ഖാന്‍, യാഷ് ദയാല്‍.
ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഒട്‌നീല്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോട്‌സി, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍കോ യാന്‍സെന്‍, ഹെന്റിക് ക്ലാസന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്‌ലാലി എംപോങ്വാന, എന്‍ഖാബ പീറ്റര്‍, റയാന്‍ റിക്കല്‍ട്ടണ്‍, ആന്‍ഡില്‍ സിമെലെന്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ലൂതോ സിപാംല.
Content Highlight: IND vs SA: 3rd T20: 1st updates