ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍ പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു പ്രോട്ടിയാസിന്റെ ജയം.
ബൗളിങ്ങിന് അനുകൂലമായ സാഹചര്യത്തില്‍ ഇരു ടീമിന്റെയും ബാറ്റര്‍മാര്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാടുപെട്ടു. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് ആറ് പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
തുടക്കം മുതല്‍ക്കുതന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. ടീമിന്റെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നടിഞ്ഞു. അഭിഷേക് ശര്‍മ വീണ്ടും പാടെ നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇരുവരും നാല് റണ്‍സ് വീതം നേടിയാണ് മടങ്ങിയത്.
ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ സഞ്ജു സാംസണാകട്ടെ ബ്രോണ്‍സ് ഡക്കായും മടങ്ങി. അവസാനം കളിച്ച രണ്ട് മത്സരത്തിലും സെഞ്ച്വറി കണ്ടെത്തിയ സഞ്ജു മാജിക് സെന്റ് ജോര്‍ജ്‌സിലും കളം വാഴുമെന്ന് പ്രതീക്ഷിച്ചവര്‍ക്കെല്ലാം നിരാശ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ ഒരു മോശം റെക്കോഡും സഞ്ജുവിനെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന അനാവശ്യ നേട്ടമാണ് സഞ്ജു തന്റെ പേരിന് നേരെ കുറിച്ചത്. ഇത് നാലാം തവണയാണ് സഞ്ജു 2024ല്‍ ഡക്കായി മടങ്ങുന്നത്.
അന്താരാഷ്ട്ര ടി-20യില്‍ ഒരു കണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഡക്ക് – വര്‍ഷം എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 4* – 2024
യൂസുഫ് പത്താന്‍ – 3 – 2009
രോഹിത് ശര്‍മ – 3 – 2018
രോഹിത് ശര്‍മ – 3 – 2022
വിരാട് കോഹ്‌ലി – 3 – 2024
അതേസമയം, നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച പ്രോട്ടിയാസ് 1-1ന് പരമ്പരയില്‍ ഒപ്പമെത്തി. വരുണ്‍ ചക്രവര്‍ത്തിയുടെ കൊടുങ്കാറ്റിന് മുമ്പില്‍ തളരാതെ ബാറ്റ് വീശിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മത്സരം സ്വന്തമാക്കിയത്.
41 പന്തില്‍ പുറത്താകാതെ 47 റണ്‍സാണ് താരം സ്വന്തമാക്കിയത്. 21 പന്തില്‍ 24 റണ്‍സടിച്ച റീസ ഹെന്‍ഡ്രിക്‌സ്, ഒമ്പത് പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടിയ ജെറാള്‍ഡ് കോട്‌സി എന്നിവരുടെ പ്രകടനവും സൗത്ത് ആഫ്രിക്കന്‍ നിരയില്‍ നിര്‍ണായകമായി.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി ഫൈഫര്‍ പൂര്‍ത്തിയാക്കി. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ ബൗളിങ് പ്രകടനം.
ചക്രവര്‍ത്തിക്ക് പിന്തുണ നല്‍കാന്‍ അര്‍ഷ്ദീപ് അടക്കമുള്ള പേസര്‍മാര്‍ക്ക് സാധിക്കാതെ വന്നതും അക്‌സര്‍ പട്ടേലിനെക്കൊണ്ട് കൂടൂതല്‍ ഓവര്‍ എറിയിക്കേണ്ടതില്ല എന്ന സൂര്യയുടെ തീരുമാനവുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
നവംബര്‍ 13നാണ് പരമ്പരയിലെ അടുത്ത മത്സരം. സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കാണ് വേദി.
Content Highlight: IND vs SA, 2nd T20: Sanju Samson created an unwanted record