| Monday, 7th October 2024, 8:22 am

കുങ്ഫു പാണ്ഡ്യ ഫിനിഷസ് ഇന്‍ സ്‌റ്റൈല്‍... വിരാടിന്റെ സിംഹാസനം ഇനി ഇവന് സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ വിജയിച്ചുകയറിയിരുന്നു. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും തിളങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ ജയിച്ചുകയറി.

പാണ്ഡ്യ 16 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടി. സ്‌കൈ 14 പന്തില്‍ 29 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 19 പന്തില്‍ 29 റണ്‍സുമായാണ് സാംസണ്‍ പുറത്തായത്.

റെക്കോഡ് നേട്ടത്തില്‍ പാണ്ഡ്യ

താസ്‌കിന്‍ അഹമ്മദ് എറിഞ്ഞ 12ാം ഓവറില്‍ ഹര്‍ദിക് കാര്‍ണേജിനാണ് ഗ്വാളിയോര്‍ സാക്ഷ്യം വഹിച്ചത്. ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെ താസ്‌കിന്‍ അഹമ്മദിനെ ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്തിയാണ് ഹര്‍ദിക് വിജയമാഘോഷിച്ചത്.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഹര്‍ദിക് തന്റെ പേരിലെഴുതിച്ചേര്‍ത്തു. ടി-20യില്‍ ഏറ്റവുമധികം തവണ ഇന്ത്യക്കായി സിക്‌സറടിച്ച് മത്സരം വിജയിപ്പിക്കുന്ന താരമെന്ന നേട്ടമാണ് ഹര്‍ദിക് സ്വന്തമാക്കിയത്.

ഇത് അഞ്ചാം തവണയാണ് ഹര്‍ദിക് സിക്‌സറിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നത്. വിരാട് കോഹ്‌ലിയെ മറികടന്നായിരുന്നു പാണ്ഡ്യയുടെ ഈ നേട്ടം.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി സിക്‌സര്‍ നേടി മത്സരം വിജയിപ്പിച്ച താരങ്ങള്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – 5*

വിരാട് കോഹ്‌ലി – 4

എം.എസ്. ധോണി – 3

റിഷബ് പന്ത് – 3

പരമ്പരയിലെ അടുത്ത മത്സരം

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ലീഡ് നേടിയിരിക്കുകയാണ് ഇന്ത്യ. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

ദല്‍ഹി ടി-20യിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പരമ്പര നേടാനുറച്ചാണ് ഇന്ത്യയിറങ്ങുന്നത്.

Content Highlight: IND vs PAK: Hardik Pandya surpassed Virat Kohli

We use cookies to give you the best possible experience. Learn more