ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വെങ്കട്പതി രാജു. അടുത്ത മത്സരത്തിലും താരത്തിന് അവസരം നല്‍കണമെന്നും ഒറ്റ മത്സരം കൊണ്ട് രാഹുലിനെ വിലയിരുത്തരുതെന്നും രാജു പറഞ്ഞു.
താനാണ് ഇന്ത്യയുടെ ക്യാപ്റ്റനെങ്കില്‍ ആദ്യ മത്സരത്തിലെ അതേ ഇലവനെ തന്നെ രണ്ടാം മത്സരത്തിലും കളത്തിലിറക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജു.
‘പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാനാണ് ക്യാപ്റ്റനെങ്കില്‍ അതേ ടീമിനെ തന്നെ രണ്ടാം മത്സരത്തിലും കളത്തിലിറക്കും. അനുഭവ സമ്പത്തുള്ള താരങ്ങള്‍ എല്ലായ്‌പ്പോഴും ടീമിലുണ്ടാകണം.
വെറും ഒരു മത്സരത്തിന് ശേഷം നിങ്ങള്‍ക്കൊരിക്കലും കെ.എല്‍. രാഹുലിനെ ബെഞ്ചിലിരുത്താന്‍ സാധിക്കില്ല. അവന്‍ ഏറെ അനുഭവ സമ്പത്തുള്ള താരമാണ്, അടുത്ത മത്സരത്തില്‍ അവന്‍ ഉറപ്പായും ടീമിലുണ്ടായിരക്കണം.
നിലവില്‍ പേടിക്കേണ്ട സാഹചര്യങ്ങള്‍ ഒന്നും തന്നെയില്ല. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്.
രോഹിത് ഒരു പോസിറ്റീവ് ക്യാപ്റ്റനാണ്. അദ്ദേഹമെല്ലായ്‌പ്പോഴും പോസിറ്റീവ് അപ്രോച്ചുമായാണ് മുമ്പോട്ട് പോവാറുള്ളത്. കഴിഞ്ഞതെന്തോ, അത് കഴിഞ്ഞു എന്ന് ബോധ്യമുള്ള ക്യാപ്റ്റനാണ് രോഹിത്. പരമ്പരയില്‍ സമനില പിടിക്കാനുള്ള അവസരമാണ് ഇനിയുള്ളത്. അവനത് നേടുമെന്ന് എനിക്കുറപ്പാണ്,’ വെങ്കട്പതി രാജു പറഞ്ഞു.
‘ഓസ്‌ട്രേലിയയില്‍ കളിക്കുന്ന അഞ്ച് മത്സരങ്ങളെ കുറിച്ചായിരിക്കണം ഇന്ത്യ ചിന്തിക്കേണ്ടത്. രാഹുലിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കൂ, അവന് ഒരു അവസരം കൂടി നല്‍കൂ. അവന്‍ തിരിച്ചുവരും. അവന്‍ അനുഭവസമ്പത്തുള്ള താരമാണ്. ഇന്ത്യ അതിന് തയ്യാറായി ഇരിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ രാഹുല്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആറ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 16 പന്തില്‍ നിന്നും 12 റണ്‍സാണ് നേടിയത്.
ആദ്യ ഇന്നിങ്‌സിലെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യക്ക് മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. നീണ്ട 36 വര്‍ഷത്തിന് ശേഷമാണ് കിവികള്‍ ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ഒക്ടോബര്‍ 24നാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.
Content Highlight: IND vs NZ: Venkatpathy Raju backs KL Rahul