ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം വിജയിച്ചതിന്റെ ആവേശം ആറിത്തണുക്കും മുമ്പ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര വിജയവും നേടിയതിന്റെ ആവേശത്തിലാണ് ന്യൂസിലാന്‍ഡ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തന്നെ സീരീസ് സ്വന്തമാക്കാന്‍ ലാഥമിനും സംഘത്തിനുമായി.
113 റണ്‍സിന്‍ന്റെ കൂറ്റന്‍ വിജയമാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. കിവികള്‍ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് 245 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
സ്‌കോര്‍
ന്യൂസിലാന്‍ഡ്: 259 & 255
ഇന്ത്യ: 156 & 245 (T: 359)
ഈ വിജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത് ഏതൊരു സന്ദര്‍ശകരുടെയും സ്വപ്‌നമാണെന്നും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ ഏറെ ശ്രമിച്ചെന്നും സച്ചിന്‍ പറഞ്ഞു.
13 വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറിനെ സച്ചിന്‍ അഭിനന്ദിക്കുകയും ചെയ്തു.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റിലാണ് സച്ചിന്‍ ന്യൂസിലാന്‍ഡിനെ അഭിനന്ദിച്ചത്.
‘ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുക എന്നത് ഏതൊരു വിസിറ്റിങ് ടീമിന്റെയും സ്വപ്‌നമാണ്. ആ സ്വപ്‌നത്തിലെത്താന്‍ ന്യൂസിലാന്‍ഡ് വളരെ മികച്ച പ്രകടനം പുറത്തെടുക്കുകയും തെയ്തു.
മികച്ച ടീം വര്‍ക്കിന്റെ ഭാഗമായി മാത്രമാണ് ഇത്തരം റിസള്‍ട്ടുണ്ടാകുന്നത്.
13 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്ത മിച്ചല്‍ സാന്റ്‌നറിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.
ഈ മികച്ച വിജയത്തിന് ന്യൂസിലാന്‍ഡിന് അഭിനന്ദനങ്ങള്‍,’ സച്ചിന്‍ കുറിച്ചു.
For any visiting team, to win a Test series in India is a dream, and New Zealand have played really well to make it happen.
Such results can only be achieved with good, all-round team efforts.
Special mention to Santner for his standout performance, picking up 13 wickets.… pic.twitter.com/YLqHfbQeJU
പൂനെ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 259 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിന് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സമ്മാനിച്ചത്. കോണ്‍വേ 141 പന്തില്‍ 76 റണ്‍സ് നേടി പുറത്തായപ്പോള്‍ രചിന്‍ രവീന്ദ്ര 105 പന്തില്‍ 65 റണ്‍സും നേടി.
ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ സ്വന്തമാക്കി.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ പുറത്തായി. ഒമ്പത് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെയാണ് രോഹിത് മടങ്ങിയത്.
രണ്ടാം വിക്കറ്റില്‍ ഗില്ലും ജെയ്സ്വാളും ചെറുത്തുനിന്നെങ്കിലും കാര്യമായ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കും സാധിച്ചില്ല. ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലി വന്നതുപോലെ തിരിച്ചു നടന്നു. പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ 156ന് പുറത്തായി. 38 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
മിച്ചല്‍ സാന്റ്നറാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ നിലംപരിശാക്കിയത്. വെറും 53 റണ്‍സ് മാത്രം വഴങ്ങിയ സാന്റ്നര്‍ ഏഴ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞു. ഗ്ലെന്‍ ഫിലിപ്സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി ശേഷിച്ച വിക്കറ്റും നേടി.
103 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച കിവികള്‍ ആദ്യ ഇന്നിങ്സിലേതിന് സമാനമായ പ്രകടനം തന്നെ പുറത്തെടുത്തു. 133 പന്തില്‍ 86 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടോം ലാഥമാണ് ടോപ് സ്‌കോറര്‍.
ഗ്ലെന്‍ ഫിലിപ്സ് (82 പന്തില്‍ പുറത്താകാതെ 48) വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ (83 പന്തില്‍ 41) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ രണ്ടാം ഇന്നിങ്സില്‍ ബ്ലാക് ക്യാപ്സ് 255 റണ്‍സ് പടുത്തുയര്‍ത്തി.
രണ്ടാം ഇന്നിങ്സില്‍ വാഷിങ്ടണ്‍ നാല് വിക്കറ്റ് നേടി ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.
പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് കിവീസ് സ്പിന്നര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ പരാജയം സമ്മതിക്കാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. രണ്ടാം ഇന്നിങ്സില്‍ മിച്ചല്‍ സാന്റ്നര്‍ ആറ് വിക്കറ്റ് നേടി. അജാസ് പട്ടേല്‍ ഒരു വിക്കറ്റും ഗ്ലെന്‍ ഫിലിപ്സ് ഒരു വിക്കറ്റും നേടി ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി.
പരമ്പര നഷ്ടപ്പെട്ടെങ്കിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ അപ്രമാദിത്യം നിലനിര്‍ത്താന്‍ ഇന്ത്യക്ക് അവസാന ടെസ്റ്റില്‍ വിജയിച്ചേ മതിയാകൂ.
നവംബര്‍ ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: IND vs NZ: Sachin Tendulkar praises New Zealand