ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട് ഇന്ത്യ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0 എന്ന നിലയില്‍ കിവികള്‍ ലീഡ് ചെയ്യുകയാണ്.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 113 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.
ഇപ്പോള്‍ മത്സരത്തിലെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് രോഹിത് ശര്‍മ. മത്സരശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് രോഹിത് പരമ്പര പരാജയത്തെ കുറിച്ച് സംസാരിച്ചത്.
‘ഞാന്‍ ആരുടെയും കഴിവിനെ സംശയിക്കുന്നില്ല. ഞാനിപ്പോള്‍ ഒന്നും ഇഴകീറി പരിശോധിക്കാനും ആഗ്രഹിക്കുന്നില്ല. പക്ഷേ ന്യൂസിലാന്‍ഡിന്റെ സമീപനത്തില്‍ കണ്ടതുപോലെ ബാറ്റര്‍മാര്‍ അവരുടെ സ്ട്രാറ്റജികള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഒപ്പം സ്വയം വിശ്വസിക്കുകയും വേണം.
ഇത് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഞങ്ങളാഗ്രഹിച്ച ഫലമല്ല മത്സരത്തിലുണ്ടായത്. എല്ലാ ക്രെഡിറ്റും ന്യൂസിലാന്‍ഡിനുള്ളതാണ്, അവര്‍ ഞങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവര്‍ മുമ്പോട്ട് വെച്ച വെല്ലുവിളി പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.
ഒരു ടീം എന്ന നിലയിലാണ് ഞങ്ങള്‍ പരാജയപ്പെട്ടത്. ആരെയും, ഒരു ബാറ്ററെയും ബൗളറേയും പഴിക്കുന്നില്ല. ഒരു ടീമായാണ് ഞങ്ങള്‍ പരാജയപ്പെട്ടത്. വാംഖഡെയില്‍ (മൂന്നാം മത്സരത്തില്‍) തിരിച്ചുവരവ് നടത്താനും ജയം സ്വന്തമാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ രോഹിത് പറഞ്ഞു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ അവസാന ഹോം ടെസ്റ്റ് എന്ന നിലയിലും, ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പോയിന്റ് ടേബിളില്‍ ഓസ്‌ട്രേലിയക്ക് കീഴില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടും എന്നതിനാലും ഡെഡ് റബ്ബര്‍ മാച്ചില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
നവംബര്‍ ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content highlight: IND vs NZ: Rohit Sharma about loss in 2nd test