| Saturday, 2nd November 2024, 12:56 pm

ധോണി ഇനി പഴങ്കഥ; ചരിത്രനേട്ടത്തില്‍ പന്ത്, ഇനി ലക്ഷ്യം സാക്ഷാല്‍ ഗില്‍ക്രിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് വാംഖഡെയില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് വില്‍ യങ്ങിന്റെയും ഡാരില്‍ മിച്ചലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 235 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ആദ്യ ദിന മത്സരം അവസാനിക്കും മുമ്പ് തന്നെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി ജെയസ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്കൊപ്പം നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജിനെയുമാണ് ഇന്ത്യക്ക് ആദ്യ ദിവസം തന്നെ നഷ്ടമായത്.

സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെയും റിഷബ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. അര്‍ധ സെഞ്ച്വറി നേടിയാണ് ഇരുവരും തിളങ്ങിയത്.

59 പന്തില്‍ 60 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ഇഷ് സോധിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പന്തിന്റെ മടക്കം. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പന്തിനെ തേടിയെത്തിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

ഇത് അഞ്ചാം തവണയാണ് പന്ത് ഈ നേട്ടത്തിലെത്തുന്നത്. മുന്‍ നായകന്‍ എം.എസ്. ധോണിയുടെ പേരിലുള്ള റെക്കോഡാണ് പന്ത് തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.

ഇതിന് പുറമെ ഏറ്റവുമധികം തവണ ഈ നേട്ടത്തിലെത്തുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പന്തിന് സാധിച്ചു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 100+ സ്‌ട്രൈക്ക് റേറ്റില്‍ 50+ സ്‌കോര്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍മാര്‍

(താരം – ടീം – എത്ര തവണ ഈ നേട്ടം സ്വന്തമാക്കി എന്ന ക്രമത്തില്‍)

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 8

റിഷബ് പന്ത് – ഇന്ത്യ – 5*

എം.എസ്. ധോണി – ഇന്ത്യ – 4

ജോണി ബെയര്‍സ്‌റ്റോ – ഇംഗ്ലണ്ട് – 4

സര്‍ഫറാസ് അഹമ്മദ് – പാകിസ്ഥാന്‍ – 4

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 3

നിരോഷന്‍ ഡിക്വെല്ല – ശ്രീലങ്ക – 3

മാറ്റ് പ്രയര്‍ – സൗത്ത് ആഫ്രിക്ക – 3

അതേസമയം, 52 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ ബാറ്റിങ് തുടരുന്നത്. ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുന്നതിന്റെ തൊട്ടടുത്താണ് ഇന്ത്യ. 140 പന്തില്‍ 88 റണ്‍സുമായി ശുഭ്മന്‍ ഗില്ലും ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

Content Highlight: IND vs NZ: Rishabh Pant surpassed MS Dhoni

We use cookies to give you the best possible experience. Learn more