| Sunday, 3rd November 2024, 12:04 pm

ക്രൈസിസ് മാന്‍; നിസ്സംശയം പറയാം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; വീണ്ടും ചരിത്രമെഴുതി പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ വിജയത്തിലേക്ക് കഷ്ടപ്പെട്ട് നടന്നടുക്കുകയാണ് ആതിഥേയര്‍. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 147 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യമാണ് അഭിമാനവും കയ്യില്‍ പിടിച്ച് ഇന്ത്യ പിന്തുടരുന്നത്.

വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ ചെറുത്തുനില്‍പിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ മുഴുവനും. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വീണ്ടും ഫ്രീ വിക്കറ്റായി നിരാശപ്പെടുത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് പന്ത് ഇന്ത്യയുടെ രക്ഷകനാകുന്നത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലും താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

ഈ അര്‍ധ സെഞ്ച്വറികള്‍ക്ക് പിന്നാലെ പല റെക്കോഡുകളും പന്ത് സ്വന്തമാക്കി. ഹോം ടെസ്റ്റില്‍ ഏറ്റവുമധികം 50+ സ്‌കോറുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് പന്ത് ചരിത്രമെഴുതിയത്. ഫാറൂഖ് എന്‍ജിനീയറെ പിന്തള്ളിയാണ് പന്ത് രണ്ടാം സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കിയത്.

വാംഖഡെ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ഫാറൂഖ് എന്‍ജിനീയര്‍ക്കൊപ്പമെത്തിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ അദ്ദേഹത്തെ മറികടക്കുകയും ചെയ്തു.

ഹോം ടെസ്റ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍

(താരം – ഇന്നിങ്‌സ് – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 61 – 20

റിഷബ് പന്ത് – 21 – 10*

ഫാറൂഖ് എന്‍ജിനീയര്‍ – 10

ഇതിന് പുറമെ മറ്റൊരു റെക്കോഡിലും പന്ത് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്‌സില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലാണ് പന്ത് ഇടം നേടിയത്.

നാലാം ഇന്നിങ്‌സില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

(താരം – ടീം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

അലന്‍ നോട്ട് – ഇംഗ്ലണ്ട് – 5

റിഷബ് പന്ത് – ഇന്ത്യ – 4*

മാര്‍ക് ബൗച്ചര്‍ – സൗത്ത് ആഫ്രിക്ക – 4

മാറ്റ് പ്രയര്‍ – ഇംഗ്ലണ്ട് – 4

മുഷ്ഫിഖര്‍ റഹീം – ബംഗ്ലാദേശ് – 4

സര്‍ഫറാസ് അഹമ്മദ് – പാകിസ്ഥാന്‍ – 4

അതേസമയം, മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 92/6 എന്ന നിലയിലാണ് ഇന്ത്യ. 50 പന്തില്‍ 53 റണ്‍സുമായി റിഷബ് പന്തും എട്ട് പന്തില്‍ ആറ് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

Content Highlight: IND vs NZ: Rishabh Pant achieved double record in 3rd test

We use cookies to give you the best possible experience. Learn more