| Thursday, 31st October 2024, 3:37 pm

പരമ്പര കയ്യീന്ന് പോയി, നാണക്കേട് ഒഴിവാക്കാന്‍ ജയം പ്രതീക്ഷിക്കുമ്പോള്‍ സൂപ്പര്‍ താരത്തെ പുറത്തിരുത്തുന്നു; ഇന്ത്യക്കിതെന്ത് പറ്റി?

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട് പരമ്പര അടിയറവ് പറഞ്ഞ ഇന്ത്യക്ക് മുഖം രക്ഷിക്കാനെങ്കിലും അവസാന ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

നവംബര്‍ ഒന്നിനാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മാച്ചിന് വേദിയാകുന്നത്.

ഈ മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മാനേജ്‌മെന്റ് ബുംറക്ക് വിശ്രമം അനുവദിച്ചെന്നും താരം വീട്ടിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

‘അവന്‍ (ജസ്പ്രീത് ബുംറ) മുംബൈ ടെസ്റ്റ് കളിക്കില്ല, അവന്‍ ഇതിനോടകം തന്നെ വീട്ടിലേക്ക് മടങ്ങി. അദ്ദേഹം വിശ്രമിക്കട്ടെയെന്നാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരക്ക് തൊട്ടുമുമ്പായി അവന്‍ ടീമിനൊപ്പം ചേരും,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുംറക്ക് പകരക്കാരനായി രണ്ടാം മത്സരത്തില്‍ പുറത്തിരുന്ന മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകും.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുംറക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 27 ഓവറാണ് ബുംറ പന്തെറിഞ്ഞത്. 70 റണ്‍സ് വഴങ്ങിയ താരം മൂന്ന് വിക്കറ്റ് നേടി.

എന്നാല്‍ പൂനെയില്‍ നടന്ന രണ്ടാം മത്സരത്തില്‍ വെറും 14 ഓവര്‍ മാത്രമാണ് ബുംറക്ക് എറിയാന്‍ അവസരം ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ എട്ട് ഓവര്‍ പന്തെറിഞ്ഞ താരം രണ്ടാം ഇന്നിങ്‌സില്‍ ആറ് ഓവറാണ് എറിഞ്ഞത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 57 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.

അതേസമയം, അവസാന മത്സരത്തിന് റാങ്ക് ടേണര്‍ പിച്ചാണ് ഇന്ത്യയൊരുക്കുന്നത്. ആദ്യ ദിവസം മുതല്‍ സ്പിന്നര്‍മാരെ സഹായിക്കുന്നതാണ് ഇത്തരം പിച്ചുകളുടെ പ്രത്യേകത.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളൊരുക്കിയിട്ടും മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. എന്നാല്‍ ആര്‍. അശ്വിന് മികച്ച ട്രാക്ക് റെക്കോഡുള്ള സ്റ്റേഡിയമെന്ന നിലയിലാണ് വാംഖഡെയില്‍ സ്പിന്‍ ട്രാക്ക് ഒരുക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനമെടുത്തിരിക്കുന്നത്.

സ്പിന്നിനൊപ്പം പേസിനെയും പിച്ച് തുണയ്ക്കും. പിച്ചിലെ ചുവന്ന മണ്ണിന്റെ സാന്നിധ്യം പേസര്‍മാര്‍ക്ക് ബൗണ്‍സ് കണ്ടെത്താന്‍ സഹായകരമാകും.

പൂനെയില്‍ ഇരു ടീമിന്റെയും പേസര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആകെ വീണ 40 വിക്കറ്റില്‍ 39ഉം സ്പിന്നര്‍മാരാണ് പിഴുതെറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ടിം സൗത്തിക്ക് വിക്കറ്റ് നല്‍കി ഇന്ത്യന്‍ നായകനാണ് വ്യത്യസ്തനായത്.

Content highlight: IND vs NZ: Reports says Jasprit Bumrah will not play 3rd test

We use cookies to give you the best possible experience. Learn more