സമ്പൂര്‍ണ പരാജയം; വൈറ്റ്‌വാഷ് ചെയ്ത് കിവികള്‍; ന്യൂസിലാന്‍ഡിനോട് മാത്രമല്ല ഓസ്‌ട്രേലിയയോടും തോറ്റു
Sports News
സമ്പൂര്‍ണ പരാജയം; വൈറ്റ്‌വാഷ് ചെയ്ത് കിവികള്‍; ന്യൂസിലാന്‍ഡിനോട് മാത്രമല്ല ഓസ്‌ട്രേലിയയോടും തോറ്റു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd November 2024, 1:31 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.

സ്‌കോര്‍

ന്യൂസിലാന്‍ഡ്: 235 & 174

ഇന്ത്യ: 263 & 121 (T: 147)

ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ പരാജയം സമ്മതിച്ചത്.

റിഷബ് പന്തിന്റെ പ്രകടനമൊഴിച്ചാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായിരുന്നു. 57 പന്തില്‍ 64 റണ്‍സ് നേടിയ പന്തിന് ഒരാളുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നായേനേ.

11 പന്തില്‍ 11 റണ്‍സ് നേടിയ രോഹിത് ശര്‍മയും 25 പന്തില്‍ 12 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ന്യൂസിലാന്‍ഡിനായി അജാസ് പട്ടേല്‍ ആറ് വിക്കറ്റ് നേടി. ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ ഇന്ത്യയെ തന്നെ കുടുക്കിയിട്ടാണ് അജാസ് പട്ടേല്‍ വമ്പുകാട്ടിയത്. ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാറ്റ് ഹെന്‌റിയാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

സ്പിന്നര്‍മാരുടെ മൂന്നാം ടെസ്റ്റ്

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 235 റണ്‍സാണ് നേടിയത്. വില്‍ യങ്ങിന്റെയും ഡാരില്‍ മനിച്ചലിന്റെയും അര്‍ധ സെഞ്ച്വറികളാണ് സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. യങ് 138 പന്തില്‍ 71 റണ്‍സ് നേടിയപ്പോള്‍ 129 പന്തില്‍ 82 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്.

44 പന്തില്‍ 28 റണ്‍സ് നേടിയ ടോം ലാഥവും 28 പന്തില്‍ 17 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സുമാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ആദ്യ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ ഫൈഫര്‍ പൂര്‍ത്തിയാക്കി. വാഷിങ്ടണ്‍ നാല് വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെയും റിഷബ് പന്തിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. ഗില്‍ 146 പന്തില്‍ 90 റണ്‍സ് നേടിയപ്പോള്‍ 598 പന്തില്‍ 60 റണ്‍സാണ് പന്ത് നേടിയത്. പുറത്താകാതെ 38 റണ്‍സടിച്ച വാഷിങ്ടണ്‍ സുന്ദറാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ 28 റണ്‍സിന്റെ ലീഡെടുത്ത്, 263ല്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

അഞ്ച് വിക്കറ്റുമായി തിളങ്ങിയ അജാസ് പട്ടേലാണ് ഇന്ത്യയെ തളച്ചത്. മാറ്റ് ഹെന്‌റി, ഗ്ലെന്‍ ഫിലിപ്‌സ്, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ വിരാട് കോഹ്‌ലിയും ആരാശ് ദീപും റണ്‍ ഔട്ടായി.

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ന്യൂസിലാന്‍ഡിനെ രവീന്ദ്ര ജഡേജയുടെ സ്പിന്‍ തന്ത്രങ്ങളാണ് കാത്തിരുന്നത്. അഞ്ച് വിക്കറ്റുമായി ജഡ്ഡു തിളങ്ങിയതോടെ ന്യൂസിലാന്‍ഡ് പരുങ്ങലിലായി.

ജഡേജക്ക് തുണയായി അശ്വിന്‍ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപും വാഷിങ്ടണുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

100 പന്തില്‍ 51 റണ്‍സടിച്ച വില്‍ യങ്ങാണ് രണ്ടാം ഇന്നിങ്‌സില്‍ കിവീസ് നിരയിലെ ടോപ് സ്‌കോറര്‍.

ഒടുവില്‍ 174ന് പുറത്തായ ന്യൂസിലാന്‍ഡ് 147 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുമ്പില്‍ വെക്കുകയായിരുന്നു.

മൂന്നാം മത്സരത്തിലും പരാജയപ്പെട്ടതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. 58.33 എന്ന പോയിന്റ് ശതമാനമാണ് ഇന്ത്യക്കുള്ളത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തൊട്ടുമുമ്പ് ഓസ്‌ട്രേലിയ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയതും ഇന്ത്യക്ക് തിരിച്ചടിയാണ്. 62.50 എന്ന പോയിന്റ് ശതമാനമാണ് കങ്കാരുക്കള്‍ക്കുള്ളത്.

 

 

Content Highlight: IND vs NZ: New Zealand whitewashed the series