മൂന്ന് ദിവസം കൊണ്ട് ഇന്ത്യ നേടേണ്ടത് വെറും 147 റണ്‍സ്; ജയത്തേക്കാള്‍ പ്രധാന്യം മറ്റൊന്നിന്
Sports News
മൂന്ന് ദിവസം കൊണ്ട് ഇന്ത്യ നേടേണ്ടത് വെറും 147 റണ്‍സ്; ജയത്തേക്കാള്‍ പ്രധാന്യം മറ്റൊന്നിന്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd November 2024, 10:21 am

 

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ന്യൂസിലാന്‍ഡിനെ 174 റണ്‍സിന് പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് മുമ്പില്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം ഉയര്‍ന്നത്.

171ന് ഒമ്പത് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ് മൂന്നാം ദിവസം ആരംഭിച്ചത്. എന്നാല്‍ വെറും രണ്ട് ഓവര്‍ മാത്രമാണ് കിവികള്‍ക്ക് മൂന്നാം ദിനം ആയുസുണ്ടായിരുന്നത്. അജാസ് പട്ടേലിനെ മടക്കി രവീന്ദ്ര ജഡേജയാണ് സന്ദര്‍ശകരുടെ പത്താം വിക്കറ്റും പിഴുതെറിഞ്ഞത്.

ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയ ജഡേജ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇതോടെ തന്റെ കരിയറിലെ മറ്റൊരു ടെന്‍ഫറും ജഡ്ഡു പൂര്‍ത്തിയാക്കി.

രണ്ടാം ദിനം കിവികള്‍ക്കെതിരെ ലീഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയും പുറത്തായിരുന്നു. നിര്‍ണായകമായ 28 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലുള്‍പ്പടെ പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തന്നെ തിളങ്ങാനായില്ല. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താനോ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താനോ ഇന്ത്യന്‍ ബൗളര്‍മാര്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

അര്‍ധ സെഞ്ച്വറി നേടിയ വില്‍ യങ് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ കിവീസ് നിരയില്‍ ചെറുത്തുനിന്നത്. 100 പന്തില്‍ 51 റണ്‍സ് നേടി നില്‍ക്കവെ ആര്‍. അശ്വിന് റിട്ടേണ്‍ ക്യാച്ചായാണ് യങ് പുറത്തായത്.

ഒടുവില്‍ അജാസ് പട്ടേല്‍ പുറത്തായതോടെ രണ്ടാം ഇന്നിങ്‌സില്‍ വെറും 175 റണ്‍സ് നേടി സന്ദര്‍ശകര്‍ മടങ്ങി.

ജഡേജ ഫൈഫറുമായി തിളങ്ങിയപ്പോള്‍ ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം നടത്തി. ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറുമാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മത്സരത്തിന്റെ മൂന്ന് ദിവസം ഇനിയും ഇന്ത്യക്ക് മുമ്പില്‍ ബാക്കിയുണ്ട്. ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട ഇന്ത്യ പരമ്പര അടിയറവ് വെച്ചിരുന്നു. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനുള്ള ആശ്വാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ന്യൂസിലാന്‍ഡിനെ ക്ലീന്‍ സ്വീപ്പിന് അനുവദിക്കാതിരിക്കുക എന്നതിനേക്കാള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേടാന്‍ സാധിക്കുന്ന നേരിയ മുന്‍തൂക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അതേസമയം, കിവികള്‍ ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരിക്കുകയാണ്. നാല് ഓവറിനിടെ രണ്ട് മുന്‍ നിര താരങ്ങളാണ് കൂടാരം കയറിയത്.

11 പന്തില്‍ 11 റണ്‍സുമായി രോഹിത് ശര്‍മ ഗ്ലെന്‍ ഫിലിപ്‌സിന് വിക്കറ്റ് നല്‍കിയപ്പോള്‍ നാല് പന്തില്‍ ഒരു റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ അജാസ് പട്ടേലിന്റെ പന്തിലും പുറത്തായി.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 11 പന്തില്‍ അഞ്ച് റണ്‍സുമായി യശസ്വി ജെയ്‌സ്വാളും നാല് പന്തില്‍ ഒരു റണ്ണുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

Content Highlight: IND vs NZ: India need 147 runs to win 3rd test