| Sunday, 3rd November 2024, 2:21 pm

ന്യൂസിലാന്‍ഡ് ജയിച്ചത് ഈ 'ഇന്ത്യക്കാരന്റെ' കരുത്തില്‍; മറന്നുതുടങ്ങിയ ആ ദുഃസ്വപ്നത്തെ വീണ്ടും ഓര്‍മിപ്പിച്ച് അജാസ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് ടെസ്റ്റിലും ആധികാരിക വിജയം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ വീണ്ടും ഓര്‍ത്തെടുത്ത ഒരു പേരുണ്ട്. അജാസ് പട്ടേല്‍. മൂന്നാം ടെസ്റ്റിലെ ടെന്‍ഫറടക്കം പരമ്പരയിലുടനീളം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ശനിദശയായവന്‍.

11 വിക്കറ്റാണ് അജാസ് പട്ടേല്‍ അവസാന ടെസ്റ്റില്‍ സ്വന്തമാക്കിയത്. കിവികളെ തകര്‍ക്കാന്‍ വാംഖഡെയില്‍ ഇന്ത്യ ഒരുക്കിയ റാങ്ക് ടേണര്‍ പിച്ചില്‍ അതിന്റെ സകല അഡ്വാന്റേജും മുതലെടുത്താണ് അജാസ് പട്ടേല്‍ വിക്കറ്റ് വീഴ്ത്തിയത്.\

ആദ്യ ഇന്നിങ്‌സില്‍ യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ്, സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍ എന്നിവരെ മടക്കി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മന്‍ ഗില്‍ വിരാട് കോഹ്‌ലി, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയും മടക്കി ടെന്‍ഫര്‍ സ്വന്തമാക്കി.

കുംബ്ലെക്ക് ശേഷം പിറന്ന ചരിത്രം

ഇന്ത്യക്കെതിരെ ഇതാദ്യമായല്ല അജാസ് പട്ടേല്‍ ടെന്‍ഫര്‍ സ്വന്തമാക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഒരു ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി അജാസ് ചരിത്രമെഴുതിയിരുന്നു.

2021ലെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിലാണ് പട്ടേല്‍ ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റും സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് മാത്രം താരമായിരുന്നു അജാസ് പട്ടേല്‍.

മത്സരത്തില്‍ ന്യൂസിലാന്‍ഡ് പടുകൂറ്റന്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും ആ മത്സരം അജാസ് പട്ടേലിന്റെ പേരിലാണ് അടയാളപ്പെടുത്തപ്പെട്ടത്.

ഇംഗ്ലണ്ടിന്റെ സറേ താരം ജെയിംസ് ചാള്‍സ് ലിനേക്കര്‍ എന്ന ജിം ലിനേക്കര്‍, ഇന്ത്യന്‍ ലെജന്‍ഡ് അനില്‍ കുംബ്ലെ എന്നിവരാണ് ഇതിന് മുമ്പ് ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

അജാസും ഇന്ത്യയും

ഇഷ് സോധിയെ പോലെ ന്യൂസിലാന്‍ഡ് നിരയില്‍ ഇന്ത്യന്‍ വംശജനാണ് അജാസ് പട്ടേല്‍. 1996ല്‍ മുംബൈയില്‍ നിന്ന് ന്യൂസിലാന്റന്‍ഡിലേക്കെത്തിയതാണ് അജാസിന്റെ കുടുംബം. മുംബൈയിലെ ജോഗേശ്വരിയിലായിരുന്നു അജാസിന്റെ ജനനം.

റഫ്രിജറേറ്റര്‍ കടയിലായിരുന്നു അജാസിന്റെ പിതാവിന് ജോലി. മാതാവ് സ്‌കൂള്‍ ടീച്ചറായിരുന്നു.

ന്യൂസിലാന്‍ഡിലെത്തിയതിന് ശേഷമാണ് അജാസിന് ക്രിക്കറ്റിനോടുള്ള താത്പര്യം തുടങ്ങുന്നത്. അജാസിന്റെ കളിയോടുള്ള താത്പര്യം മനസിലാക്കിയ അമ്മാവന്‍ സയീദ് പട്ടേല്‍ ഒക്‌ലന്‍ഡിലെ ന്യൂ ലിന്‍ ക്രിക്കറ്റ് ക്ലബില്‍ ചേര്‍ക്കുകയായിരുന്നു.

ടി.വിയില്‍ കളി കണ്ടിരുന്ന അജാസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും ഷെയ്ന്‍ വോണിന്റേയും ആരാധകനായിരുന്നു. ഫാസ്റ്റ് ബൗളറായി കരിയര്‍ തുടങ്ങിയ അജാസ് പിന്നീട് ലെഗ് സ്പിന്നറായി മാറുകയായിരുന്നു.

Content Highlight: IND vs NZ: Ajaz Patel’s brilliant bowling spell against India

We use cookies to give you the best possible experience. Learn more