കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തില്‍! വമ്പന്‍ തിരിച്ചടി; തോല്‍വിയേക്കാളും മോശം റെക്കോഡിനേക്കാളും ഭയക്കേണ്ടത്
Sports News
കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തില്‍! വമ്പന്‍ തിരിച്ചടി; തോല്‍വിയേക്കാളും മോശം റെക്കോഡിനേക്കാളും ഭയക്കേണ്ടത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th October 2024, 6:10 pm

ന്യൂസിലാന്‍ഡിനെതിര പരമ്പര അടിയറവ് വെച്ചതോടെ ഇന്ത്യയുടെ മോശം സമയം തുടങ്ങിയ മട്ടാണ്. മഹരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 245 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

സ്‌കോര്‍

ന്യൂസിലാന്‍ഡ്: 259 & 255

ഇന്ത്യ: 156 & 245 (T: 359)

12 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഹോം കണ്ടീഷനില്‍ ഒരു ടെസ്റ്റ് പരമ്പര അടിയറവ് വെക്കുന്നത്. 2012 ഡിസംബറില്‍ അലസ്റ്റര്‍ കുക്കിന്റെ ഇംഗ്ലണ്ടിനോട് പരമ്പര പരാജയപ്പെട്ടതിന് ശേഷം 4332 ദിവസത്തിന് ശേഷമാണ് ഇന്ത്യ ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്.

എന്നാല്‍ ടെസ്റ്റ് പരമ്പര തോറ്റതിനേക്കാളും മോശം റെക്കോഡ് സ്വന്തമാക്കേണ്ടി വന്നതിനേക്കാളും ഇന്ത്യ ആശങ്കപ്പെടേണ്ടത് മറ്റൊരു കാര്യത്തെയോര്‍ത്താണ്, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് ടേബിള്‍!

പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയേക്കാള്‍ ബഹുദൂരം മുമ്പിലായിരുന്നു ഇന്ത്യ. എന്നാല്‍ കിവീസിനെതിരെ രണ്ട് ടെസ്റ്റ് കഴിഞ്ഞതോടെ പോയിന്റ് ടേബിളില്‍ വന്‍ തിരിച്ചടിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.

ഈ പരമ്പരക്ക് മുമ്പ് 71.67 എന്ന മികച്ച പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഓസ്‌ട്രേലിയയാകട്ടെ 62.50 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും. എന്നാല്‍ പൂനെ ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ പോയിന്റ് ശതമാനം 62.82ലേക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രണ്ടാമതുള്ള ഓസ്‌ട്രേലിയയേക്കാള്‍ വെറും 0.32 ശതമാനത്തിന്റെ മാത്രം മുന്‍തൂക്കം.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിടുന്ന ശ്രീലങ്കയും തൊട്ടുപിന്നാലെയുണ്ട്. ന്യൂസിലാന്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഛിന്നഭിന്നമാക്കി, പരമ്പര വൈറ്റ് വാഷ് ചെയ്താണ് ലങ്ക ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കിയത്. 55.56 ആണ് ലങ്കയുടെ പോയിന്റ് ശതമാനം.

(വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

അതേസമയം, ഇന്ത്യക്കും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും മുമ്പില്‍ ആറ് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇതില്‍ ഇന്ത്യക്ക് ആവശ്യമുള്ളതാകട്ടെ മൂന്ന് ജയവും. ആറില്‍ അഞ്ച് മത്സരവും ഇന്ത്യ കളിക്കുക ഓസ്‌ട്രേലിയക്കെതിരെ, അവരുടെ തട്ടകത്തിലാണ്.

ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആതിഥേയര്‍ തങ്ങളായതിനാലും കഴിഞ്ഞ രണ്ട് തവണ ഇന്ത്യ ഇവിടെയെത്തി പരമ്പര വിജയിച്ചതിനാലും 2015ന് ശേഷം ഒരിക്കല്‍പ്പോലും പരമ്പര നേടാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതിനാലും ഈ പരമ്പരയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാല്‍ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ തെളിയും എന്നതിനാലും ഒരു തരത്തിലുമുള്ള അഡ്വാന്റേജും ഇന്ത്യക്ക് നല്‍കാതെയായിരിക്കും ഓസ്ട്രേലിയ പിച്ച് ഒരുക്കുക. പെര്‍ത്ത് അടക്കമുള്ള പിച്ചില്‍ ഇന്ത്യയെ നിര്‍ത്തിപ്പൊരിക്കാന്‍ തന്നെയാകും ഓസീസ് ബൗളിങ് യൂണിറ്റിന്റെ ശ്രമം.

 

ഓസ്ട്രേലിയയെ സംബന്ധിച്ചും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിര്‍ണായകമാണ്. കാരണം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് സ്വന്തം തട്ടകത്തില്‍ കളിക്കുന്ന അവസാന പരമ്പരയാണിത്. ഇക്കാരണം കൊണ്ട് തന്നെ സകല ആഡ്വാന്റേജും മുതലെടുക്കാന്‍ തന്നെയാകും ഓസീസ് ശ്രമിക്കുക. ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം രണ്ട് മത്സരങ്ങളുടെ പരമ്പരക്കായി കങ്കാരുക്കള്‍ ശ്രീലങ്കയിലേക്ക് പറക്കും.

മൂന്നാമതുള്ള ലങ്കക്കും ഇനിയുള്ള രണ്ട് പരമ്പരകളും നിര്‍ണായകമാണ്. ഓസ്‌ട്രേലിയക്കെതിരായ ഹോം ടെസ്റ്റും സൗത്ത് ആഫ്രിക്കക്കെതിരായ എവേ ടെസ്റ്റുമാണ് ലങ്കന്‍ സിംഹങ്ങള്‍ക്ക് മുമ്പിലുള്ളത്. ഇന്ത്യ-ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയ-ശ്രീലങ്ക, ശ്രീലങ്ക-സൗത്ത് ആഫ്രിക്ക, ഈ മൂന്ന് പരമ്പരകളായിരിക്കും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക.

 

Content highlight: IND vs NZ: A big setback for India in the World Test Championship points table