ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് മുഖം രക്ഷിക്കാന്‍ വാംഖഡെയില്‍ വിജയം അനിവാര്യമാണ്.
ഡെഡ് റബ്ബര്‍ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യം ദിനം ലഞ്ചിന് പിരിയുന്നതിന് മുമ്പ് തന്നെ മൂന്ന് വിക്കറ്റ് നേടിയാണ് ഇന്ത്യ മികച്ച രീതിയില്‍ മത്സരം തുടരുന്നത്.
ക്യാപ്റ്റന്‍ ടോം ലാഥം, ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ലാഥം 44 പന്തില്‍ 28 റണ്‍സ് നേടിയപ്പോള്‍ 11 പന്തില്‍ നാല് റണ്‍സാണ് കോണ്‍വേയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്. 12 പന്തില്‍ അഞ്ച് റണ്‍സുമായാണ് രചിന്‍ പുറത്തായത്.
കോണ്‍വേയെ ആകാശ് ദീപ് പുറത്താക്കിയപ്പോള്‍ ക്യാപ്റ്റനെയും രചിനെയും വാഷിങ്ടണ്‍ സുന്ദറാണ് മടക്കിയത്.
തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് രചിന്‍ സുന്ദറിനോട് പരാജയപ്പെട്ട് പുറത്താകുന്നത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ഇപ്പോള്‍ വാംഖഡെയിലെ ആദ്യ ഇന്നിങ്‌സിലും രചിനെ പുറത്താക്കി രസകരമായ ഹാട്രിക് നേടിയാണ് സുന്ദര്‍ തിളങ്ങുന്നത്.
മൂന്ന് ഇന്നിങ്‌സിലും ഒരുപോലെ തന്നെ ക്ലീന്‍ ബൗള്‍ഡായാണ് കിവീസ് യുവതാരം പവലിയനിലേക്ക് മടങ്ങിയത്.
വാംഖഡെയില്‍ 20ാം ഓവറിലെ അവസാന പന്തിലാണ് സുന്ദര്‍ രചിന്റെ ഡിഫന്‍സ് പൊളിച്ചത്. റാങ്ക് ടേണര്‍ പിച്ചില്‍ വാഷിങ്ടണ്‍ കണ്ടെത്തിയ ടേണിന് മുമ്പില്‍ രചിന് ഉത്തരമുണ്ടായിരുന്നില്ല.
അതേസമയം, 35 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 എന്ന നിലയിലാണ് സന്ദര്‍ശകര്‍. 111 പന്തില്‍ 58 റണ്‍സുമായി വില്‍ യങ്ങും 40 പന്തില്‍ 18 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.
ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍
ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ഇഷ് സോധി, മാറ്റ് ഹെന്‌റി, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
Content Highlight: IND vs NZ: 3rd Test: Washington Sunder dismissed Rachin Ravindra for 3 consecutive times