ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായക ലീഡ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 235 റണ്‍സ് മറികടന്ന് 263 റണ്‍സാണ് ആതിഥേയര്‍ കൂട്ടിച്ചേര്‍ത്തത്. 28 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറിക്ക് പുറമെ വാഷിങ്ടണ്‍ സുന്ദറിന്റെ ചെറുത്തുനില്‍പുമാണ് ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ നിര്‍ണായക ലീഡ് സമ്മാനിച്ചത്.
ഈ പരമ്പരയില്‍ ഇന്ത്യ ആദ്യമായാണ് ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുന്നത്.
അര്‍ഹിച്ച സെഞ്ച്വറി നേടാന്‍ സാധിക്കാതെ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന് പുറത്താകേണ്ടി വന്നതാണ് ആരാധകരെ ഏറെ നിരാശരാക്കിയത്. 146 പന്ത് നേരിട്ട് 90 റണ്‍സാണ് താരം സ്വന്തമാക്കിയത്.
59 പന്തില്‍ 60 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ഇഷ് സോധിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പന്തിന്റെ മടക്കം. എട്ട് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ക്യാപ്റ്റനും വിരാട് കോഹ്‌ലിയുമടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വാഷിങ്ടണിന്റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. 36 പന്ത് നേരിട്ട് പുറത്താകാതെ 38 റണ്‍സാണ് സുന്ദര്‍ സ്വന്തമാക്കിയത്.
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് വില്‍ യങ്ങിന്റെയും ഡാരില്‍ മിച്ചലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 235 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ആദ്യ ദിന മത്സരം അവസാനിക്കും മുമ്പ് തന്നെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി ജെയസ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ക്കൊപ്പം നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജിനെയുമാണ് ഇന്ത്യക്ക് ആദ്യ ദിവസം തന്നെ നഷ്ടമായത്.
എന്നാല്‍ യുവതാരങ്ങളുടെ ചെറുത്തുനില്‍പിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ സൂപ്പര്‍ താരം അജാസ് പട്ടേല്‍ ഫൈഫര്‍ പൂര്‍ത്തിയാക്കി. വിരാട് കോഹ്‌ലിയും ഡയമണ്ട് ഡക്കായി ആകാശ് ദീപും റണ്‍ ഔട്ടായി മടങ്ങിയപ്പോള്‍ മാറ്റ് ഹെന്‌റി, ഗ്ലെന്‍ ഫിലിപ്‌സ്, ഇഷ് സോധി എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 15ന് ഒന്ന് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ടോം ലാഥമിനെ മടക്കി ആകാശ് ദീപാണ് ഇന്ത്യക്ക് ഏര്‍ളി അഡ്വാന്റേജ് നല്‍കിയത്.
20 പന്തില്‍ പത്ത് റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും ആറ് പന്തില്‍ രണ്ട് റണ്‍സുമായി വില്‍ യങ്ങുമാണ് ക്രീസില്‍.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് മുഖം രക്ഷിക്കാനെങ്കിലും വാംഖഡെയില്‍ വിജയം അനിവാര്യമാണ്.
Content Highlight: IND vs NZ 3rd Test: India toot first innings lead