| Sunday, 3rd November 2024, 7:48 am

രോഹിത്തോ വിരാടോ ഒന്നുമല്ല, ഇന്ത്യയുടെ വിജയത്തിന് കാരണമാവുക അവന്റെ പ്രകടനമായിരിക്കും; തുറന്നുപറഞ്ഞ് കുംബ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിന്റെ പ്രകടനം നിര്‍ണായകമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ താരവുമായ അനില്‍ കുംബ്ലെ. നാലാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ജെയ്‌സ്വാളിന് സാധിക്കുമെന്നും എന്നാല്‍ വിക്കറ്റ് വലിച്ചെറിയരുതെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.

ജെയ്‌സ്വാള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയുടെ വിജയം എളുപ്പമാകുമെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. ജിയോ സിനിമയില്‍ സംസാരിക്കവെയാണ് കുംബ്ലെ ജെയ്‌സ്വാളിന്റെ പ്രകടനത്തെ കുറിച്ചും ഇന്ത്യയുടെ വിജയത്തെ കുറിച്ചും പറഞ്ഞത്.

‘യശസ്വി ജെയ്‌സ്വാള്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കും. അവന് അജാസ് പട്ടേലിനെ നേരിടാന്‍ സാധിക്കും. അവന്‍ ശ്രദ്ധയോടെ ബാറ്റ് വീശണം, ആദ്യ ഇന്നിങ്‌സില്‍ സംഭവിച്ചതുപോലെ വിക്കറ്റ് വലിച്ചെറിയരുത്. പന്തിന് പഴക്കം സംഭവിക്കും തോറും ബാറ്റര്‍മാര്‍ക്ക് റണ്‍സ് സ്‌കോര്‍ ചെയ്യുക പ്രയാസമായിരിക്കും.

മധ്യനിരയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ നമുക്ക് ജെയ്‌സ്വാളിനെ പോലുള്ള ബാറ്റര്‍മാരെയാണ് ആവശ്യമുള്ളത്. ജെയ്‌സ്വാളിന് മികച്ച തുടക്കം ലഭിക്കുകയാണെങ്കില്‍, ഇന്ത്യയെ സംബന്ധിച്ച് അത് ഏറെ ഗുണകരമായിരിക്കും,’ കുംബ്ലെ പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യയെ പുറത്താക്കിയ കിവികള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 28 റണ്‍സ് വഴങ്ങിയ കിവികള്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ തൊട്ടതെല്ലാം പിഴച്ചു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലുള്‍പ്പടെ പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തന്നെ തിളങ്ങാനായില്ല. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താനോ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താനോ ഇന്ത്യന്‍ ബൗളര്‍മാര്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

അര്‍ധ സെഞ്ച്വറി നേടിയ വില്‍ യങ് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ചെറുത്തുനിന്നത്. 100 പന്തില്‍ 51 റണ്‍സ് നേടി നില്‍ക്കവെ ആര്‍. അശ്വിന് റിട്ടേണ്‍ ക്യാച്ചായാണ് യങ് പുറത്തായത്.

മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 143 റണ്‍സ് മാത്രമാണ് കിവികള്‍ക്ക് ലീഡുള്ളത്.

രണ്ടാം ദിവസത്തിന്റെ അവസാന പന്തില്‍ മാറ്റ് ഹെന്‌റിയെ രവീന്ദ്ര ജഡജേ പുറത്താക്കി. 14 പന്തില്‍ ഏഴ് റണ്‍സുമായി അജാസ് പട്ടേലാണ് ക്രീസില്‍. വില്‍ ഒ റൂര്‍കാണ് ഇനി കളത്തിലിറങ്ങാനുള്ളത്.

രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയും അശ്വിനും മികച്ച പ്രകടനം നടത്തി. ജഡ്ഡു നാല് വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റുമായാണ് അശ്വിന്‍ തിളങ്ങിയത്. ആകാശ് ദീപും വാഷിങ്ടണും ശേഷിച്ച വിക്കറ്റുകള്‍ നേടി.

മൂന്നാം ദിവസം തന്നെ മത്സരം അവസാനിപ്പിനാകും ഇന്ത്യയുടെ ശ്രമം. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ആതിഥേയര്‍ക്ക് മുഖം രക്ഷിക്കാനെങ്കിലും അവസാന ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

Content highlight: IND vs NZ 3rd test: Anil Kumble about Yashasvi Jaiswal

We use cookies to give you the best possible experience. Learn more