| Wednesday, 29th January 2020, 4:06 pm

വില്യംസണിന്റെ പോരാട്ടം പാഴായി; ആവേശ ടൈ പിടിച്ചെടുത്ത് ഇന്ത്യ, മത്സരം സൂപ്പര്‍ ഓവറിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

സഡന്‍പാര്‍ക്ക്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി-20യില്‍ ന്യൂസിലാന്റിന് നിരാശ. വിജയത്തിലേക്ക് കുതിച്ച മത്സരത്തില്‍ അവസാന ഓവറില്‍ ന്യൂസിലാന്റ് സമനിലയില്‍ വീണു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റിനും നിശ്ചിത ഓവറില്‍ 179 റണ്‍സെടുക്കാനേ ആയുള്ളൂ. മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയിരിക്കുകയാണ്.

തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച വില്യംസണിനെ അവസാന ഓവറില്‍ ഷമി വീഴ്ത്തിയതാണ് കളിയില്‍ നിര്‍ണായകമായത്. ഇന്നിംഗ്‌സ് അവസാനിക്കാന്‍ മൂന്ന് പന്ത് ശേഷിക്കെയാണ് വില്യംസണ്‍ പുറത്തായത്.

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച വില്യംസണ്‍ ആറ് സിക്‌സും എട്ട് ഫോറുമടക്കം 48 പന്തില്‍ 95 റണ്‍സാണ് നേടിയത്.

നേരത്തെ ടോസ് നേടിയ ന്യൂസിലാന്റ് ആദ്യം ബൗളിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്.

89 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ദീര്‍ഘനേരം ക്രീസില്‍ ചെലവഴിക്കാനായില്ല.

കഴിഞ്ഞ രണ്ട് ടി-20യിലും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച രാഹുലാണ് ആദ്യം പുറത്തായത്. 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 27 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നാലെ അര്‍ധസെഞ്ച്വറി നേടിയ രോഹിതും മടങ്ങി. മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 40 പന്തില്‍ 65 റണ്‍സായിരുന്നു രോഹിത് നേടിയത്.

ഫസ്റ്റ് ഡൗണായി കോഹ്‌ലിയ്ക്ക് പകരം ശിവം ദുബെ ആണ് ഇറങ്ങിയത്. എന്നാല്‍ കിട്ടിയ അവസരം മുതലാക്കാന്‍ ദുബെയ്ക്കായില്ല. മൂന്ന് റണ്‍സെടുത്ത് ദുബെ ബെന്നെറ്റിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

96 ന് മൂന്ന് എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോകുമെന്ന് തോന്നിച്ചെങ്കിലും മിച്ചല്‍ സാന്റ്‌നര്‍ കൂട്ടുകെട്ട് തകര്‍ത്തു. 17 റണ്‍സെടുത്ത ശ്രേയസിനെ സീഫര്‍ട്ട് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

വിരാട് കോഹ്‌ലി 27 പന്തില്‍ 38 റണ്‍സെടുത്തു പുറത്തായി. മനീഷ് പാണ്ഡെ ആറ് പന്തില്‍ 14 റണ്‍സും ജഡേജ അഞ്ച് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ന്യൂസിലാന്റിനായി ഹാമിഷ് ബെന്നെറ്റ് മൂന്ന് വിക്കറ്റെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more