'എന്തൊരു ചെവിയാണെടോ! ആ തൂവല്‍ സ്പര്‍ശം പോലും കേട്ടോ!' രോഹിത്തിനെക്കൊണ്ട് ശരിയായ തീരുമാനമെടുപ്പിച്ച് സര്‍ഫറാസ്
Sports News
'എന്തൊരു ചെവിയാണെടോ! ആ തൂവല്‍ സ്പര്‍ശം പോലും കേട്ടോ!' രോഹിത്തിനെക്കൊണ്ട് ശരിയായ തീരുമാനമെടുപ്പിച്ച് സര്‍ഫറാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th October 2024, 1:48 pm

ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ കിവീസ് സൂപ്പര്‍ താരം വില്‍ യങ്ങിനെ പുറത്താക്കാന്‍ രോഹിത് ശര്‍മയെക്കൊണ്ട് റിവ്യൂ എടുപ്പിച്ച സര്‍ഫറാസ് ഖാന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം.

പന്തെറിഞ്ഞ ആര്‍. അശ്വിനോ ക്യാച്ചെടുത്ത റിഷബ് പന്തിനോ ഉറപ്പില്ലാഞ്ഞിട്ടും രോഹിത് ശര്‍മയെക്കൊണ്ട് സര്‍ഫറാസ് നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിക്കുകയായിരുന്നു. വിരാട് കോഹ്‌ലിയും സര്‍ഫറാസിനെ പിന്തുണച്ചതോടെയാണ് ക്യാപ്റ്റന്‍ റിവ്യൂ എടുത്തതും യങ്ങിന്റെ പുറത്താകലിന് വഴിയൊരുങ്ങിയതും.

24ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. അശ്വിനെറിഞ്ഞ പന്ത് ഡിഫന്‍ഡ് ചെയ്യാനുള്ള യങ്ങിന്റെ ശ്രമം പാളി. പന്ത് വിക്കറ്റ് കീപ്പര്‍ കയ്യിലൊതുക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നില്ല.

എന്നാല്‍ പന്ത് യങ്ങിന്റെ ഗ്ലൗവില്‍ കൊണ്ടിട്ടുണ്ടെന്ന് സര്‍ഫറാസിന് ഉറപ്പായിരുന്നു. വിക്കറ്റിനായി താരം അഗ്രസ്സീവായി അപ്പീല്‍ ചെയ്തു. റിഷബ് പന്തും അശ്വിനും വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നില്ല. അമ്പയര്‍ വിക്കറ്റ് നല്‍കിയതുമില്ല.

ഇതിന് പിന്നാലെയാണ് സര്‍ഫറാസ് റിവ്യൂ എടുക്കാന്‍ രോഹിത് ശര്‍മയോട് ആവശ്യപ്പെടുന്നത്. അത് ഔട്ടാണെന്ന് അവര്‍ത്തിച്ച് പറഞ്ഞാണ് സര്‍ഫറാസ് രോഹിത്തിനോട് റിവ്യൂ എടുക്കാന്‍ ആവശ്യപ്പെട്ടത്. വിരാടും സര്‍ഫറാസിനെ പിന്തുണച്ചെത്തിയതോടെ രോഹിത് റിവ്യൂ സ്വീകരിച്ചു.

റിവ്യൂവില്‍ പന്ത് ബാറ്ററുടെ ഗ്ലൗസിന് തൊട്ടടുത്താണ് എന്ന് കണ്ടതോടെ മൂന്നാം അമ്പയര്‍ അള്‍ട്രാ എഡ്ജ് ആവശ്യപ്പെട്ടു. അള്‍ട്രാ എഡ്ജില്‍ വളരെ ചെറിയ സ്‌പൈക്കായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ യങ് പുറത്താവുകയും ചെയ്തു.

ഇതോടെ നിരവധി പേര്‍ സര്‍ഫറാസിനെ അഭിനന്ദിച്ച് രംഗത്തത്തിയിട്ടുണ്ട്.

അതേസമയം, 53 ഓവര്‍ പിന്നിടുമ്പോള്‍ 169ന് മൂന്ന് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 141 പന്തില്‍ 76 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന് അവസാനമായി നഷ്ടമായത്. അശ്വിന്റെ പന്തില്‍ പന്തിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ന്യൂസിലാന്‍ഡിന്റെ മറ്റ് രണ്ട് വിക്കറ്റുകളും അശ്വിന്‍ തന്നെയാണ് സ്വന്തമാക്കിയത്.

നിലവില്‍ 32 പന്തില്‍ 12 റണ്‍സുമായി ഡാരില്‍ മിച്ചലും 80 പന്തില്‍ 41 റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തീ, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍. അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ.

 

Content highlight: IND vs NZ, 2nd Test: Sarfaraz Pushes Rohit for a Successful Review