മെസിക്ക് റൊണാള്‍ഡോ എന്ന പോലെ, ഏറ്റവും വലിയ ശത്രുവിനെ അശ്വിന്‍ മറികടന്നു; ഇനി ഒന്നാമന്‍
Sports News
മെസിക്ക് റൊണാള്‍ഡോ എന്ന പോലെ, ഏറ്റവും വലിയ ശത്രുവിനെ അശ്വിന്‍ മറികടന്നു; ഇനി ഒന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th October 2024, 12:12 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ 92ന് രണ്ട് എന്ന നിലയിലാണ് കിവീസ്. 108 പന്തില്‍ നിന്നും 47 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയും 13 പന്തില്‍ അഞ്ച് റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

ക്യാപ്റ്റന്‍ ടോം ലാഥം സൂപ്പര്‍ താരം വില്‍ യങ് എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. ഇരുവരെയും ആര്‍. അശ്വിനാണ് പുറത്താക്കിയത്.

22 പന്തില്‍ 15 റണ്‍സ് നേടി നില്‍ക്കവെ ലാഥമിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ അശ്വിന്‍ യങ്ങിനെ റിഷബ് പന്തിന്റെ കൈകളിലെത്തിച്ചും മടക്കി. 45 പന്തില്‍ 18 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ യങ്ങിന്റെ സമ്പാദ്യം.

ഈ വിക്കറ്റ് നേട്ടങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടത്തിലേക്കാണ് അശ്വിന്‍ നടന്നുകയറിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് വെറ്ററന്‍ സൂപ്പര്‍ താരം തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

തന്റെ റൈവലും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ നഥാന്‍ ലിയോണിനെ മറിടകന്നാണ് അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തിയത്. തന്റെ 188ാം ഡബ്ല്യൂ.ടി.സി വിക്കറ്റാണ് അശ്വിന്‍ പൂനെയില്‍ പിഴുതെറിഞ്ഞത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 20.74 ശരാശരിയിലും 44.45 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം വിക്കറ്റ് വീഴ്ത്തുന്നത്. 2.79 ആണ് ഡബ്ല്യൂ.ടി.സിയില്‍ അശ്വിന്റെ എക്കോണമി.

2019 മുതല്‍ ഇതുവരെ റെഡ് ബോളില്‍ 11 ഫൈഫര്‍ പൂര്‍ത്തിയാക്കിയ അശ്വിന്‍ ഒമ്പത് തവണ നാല് വിക്കറ്റ് നേട്ടവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം

(താരം – ടീം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

രവിചന്ദ്രന്‍ അശ്വിന്‍ – ഇന്ത്യ – 39* – 188

നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 43 – 187

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 42 – 175

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 38 – 147

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 33 – 134

കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – 28 – 132

ജസ്പ്രീത് ബുംറ – ഇന്ത്യ 30* – 124

ഇതിനൊപ്പം തന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 530 ആക്കി ഉയര്‍ത്താനും അശ്വിന് സാധിച്ചു. നിലവില്‍ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ലിയോണിനൊപ്പം ഏഴാം സ്ഥാനം പങ്കിടുകയാണ് അശ്വിന്‍. ലിയോണിനേക്കാള്‍ 25 ടെസ്റ്റുകള്‍ കുറവ് കളിച്ചാണ് അശ്വിന്‍ 530 വിക്കറ്റുകള്‍ സ്വന്തമാക്കിയത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

 

ടെസ്റ്റില്‍ തന്റെ 104ാം മത്സരത്തിനാണ് അശ്വിന്‍ കളത്തിലിറങ്ങിയത്. 23.77 ശരാശരിയിലും 50.43 സ്‌ട്രൈക്ക് റേറ്റിലും 2.82 എക്കോണമിയിലുമാണ് അശ്വിന്‍ പന്തെറിയുന്നത്. ഈ മൂന്ന് സ്റ്റാറ്റുകളിലും ലിയോണിനേക്കാള്‍ മികച്ചത് അശ്വിന്‍ തന്നെയാണ്.

ടെസ്റ്റില്‍ ഇതിനോടകം തന്നെ 37 ഫൈഫര്‍ നേടിയ അശ്വിന്‍ ഈ റെക്കോഡില്‍ മുത്തയ്യക്ക് കീഴില്‍ രണ്ടാമനാണ്. 25 തവണയാണ് ടെസ്റ്റില്‍ താരം നാല് വിക്കറ്റ് വീഴ്ത്തിയത്.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തീ, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍. അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ.

 

Content highlight: IND vs NZ 2nd Test: R Ashwin surpassed Nathan Lyon to become the highest wicket taker in WTC