ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരം മാഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ സകല ആവേശവും ഉള്‍ക്കൊണ്ടാണ് ബ്ലാക് ക്യാപ്‌സ് രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ചിന്നസ്വാമിയിലെ പ്രകടനം പൂനെയിലും ആവര്‍ത്തിച്ചാല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയം നേടാനും ന്യൂസിലാന്‍ഡിന് സാധിക്കും.
🚨 Toss Update 🚨
New Zealand win the toss and elect to bat in the 2nd Test in Pune.
അതേസമയം, ആദ്യ മത്സരത്തിലെ പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്തായതാണ് ഇന്ത്യക്ക് പരാജയത്തിലേക്ക് വഴിയൊരുക്കിയത്. എന്നാല്‍ ആ അപമാനത്തിന് പൂനെയില്‍ പകരം ചോദിക്കാനാണ് രോഹിത്തും സംഘവും ഇറങ്ങുന്നത്.
ആദ്യ മത്സരത്തിലെ ടീമില്‍ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ അഭാവമാണ് പ്രധാന ചര്‍ച്ചാ വിഷയം.
കഴിഞ്ഞ ദിവസമടക്കം രാഹുല്‍ രണ്ടാം ടെസ്റ്റിലും ടീമിന്റെ ഭാഗമാകുമെന്ന സൂചനകളാണ് ഗൗതം ഗംഭീര്‍ അടക്കം നല്‍കിയത്. രാഹുലിനെ ടീമിന്റെ ഭാഗമാക്കരുതെന്ന് ആവശ്യപ്പെട്ട ക്രിക്കറ്റ് നിരീക്ഷകരെയും ഓണ്‍ലൈന്‍ സെലക്ടര്‍മാരെയും കണക്കറ്റ് വിമര്‍ശിച്ചാണ് ഗംഭീര്‍ രംഗത്തെത്തിയത്.
‘സോഷ്യല്‍ മീഡിയ അല്ല ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത്. സോഷ്യല്‍ മീഡിയയോ ക്രിക്കറ്റ് വിദഗ്ധരോ എന്ത് ചിന്തിക്കുന്നു എന്നത് ഒട്ടും പ്രാധാന്യമര്‍ഹിക്കുന്നില്ല. ടീം മാനേജ്മെന്റ് എന്ത് ചിന്തിക്കുന്നു, എന്ത് തീരുമാനിക്കുന്നു എന്നത് മാത്രമാണ് പ്രധാനം.
കാണ്‍പൂര്‍ പിച്ചില്‍ മോശമല്ലാത്ത പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. അതെ, അവന്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. മാനേജ്മെന്റ് അവനെ പിന്തുണയ്ക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്,’ എന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.
അതേസമയം, ബാറ്റിങ് ആരംഭിച്ച ന്യൂസിലാന്‍ഡ് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 18 റണ്‍സ് നേടി. 15 പന്തില്‍ 12 റണ്‍സുമായി ടോം ലാഥവും 16 പന്തില്‍ അഞ്ച് റണ്‍സുമായി ഡെവോണ്‍ കോണ്‍വേയുമാണ് ക്രീസില്‍.
ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍
ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തീ, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.