| Thursday, 24th October 2024, 12:48 pm

'ഇങ്ങനെ പറ്റിക്കാന്‍ നാണമുണ്ടോ ഗംഭീറേ, പറഞ്ഞ വാക്കിന് വില വേണം' ആരാധക രോഷത്തില്‍ നീറി ഇന്ത്യന്‍ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരം പൂനെയില്‍ തുടരുകയാണ്. ആദ്യ മത്സരത്തില്‍ നിന്നും മൂന്ന് പ്രധാന മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്.

സര്‍ഫറാസ് ഖാന്‍ ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്കില്‍ നിന്നും മുക്തനായ ശുഭ്മന്‍ ഗില്‍ ടീമിലേക്ക് മടങ്ങിയെത്തി. വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപുമാണ് രണ്ടാം മത്സരത്തിന്റെ പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തിയ മറ്റ് താരങ്ങള്‍.

കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പുറമെ കെ.എല്‍. രാഹുലിനെയുമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ ബെഞ്ചിലിരുത്തിയത്.

ഇതില്‍ കെ.എല്‍. രാഹുലിനെ കളത്തിലിറക്കാത്തതില്‍ ആരാധകര്‍ ഒരേസമയം നിരാശരും രോഷാകുലരുമാണ്. രാഹുലിനെ പോലെ അനുഭവസമ്പത്തുള്ള ഒരു താരത്തെ പുറത്തിരുത്തിയതിനെതിരെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് വ്യക്തമാക്കുന്നുണ്ട്.

രാഹുലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തിമാക്കിയതിന്റെ പിറ്റേ ദിവസം തന്നെയാണ് ഗംഭീര്‍ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കിയത് എന്നതാണ് ആരാധകരെ കൂടുതല്‍ രോഷാകുലരാക്കിയത്.

‘സോഷ്യല്‍ മീഡിയ അല്ല ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത്. സോഷ്യല്‍ മീഡിയയോ ക്രിക്കറ്റ് വിദഗ്ധരോ എന്ത് ചിന്തിക്കുന്നു എന്നത് ഒട്ടും പ്രാധാന്യമര്‍ഹിക്കുന്നില്ല. ടീം മാനേജ്‌മെന്റ് എന്ത് ചിന്തിക്കുന്നു, എന്ത് തീരുമാനിക്കുന്നു എന്നത് മാത്രമാണ് പ്രധാനം.

കാണ്‍പൂര്‍ പിച്ചില്‍ മോശമല്ലാത്ത പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. അതെ, അവന്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. മാനേജ്‌മെന്റ് അവനെ പിന്തുണയ്ക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്,’ എന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.

പറഞ്ഞ വാക്കിന് വില വേണമെന്നും രാഹുലിന്റെ ടെസ്റ്റ് കരിയര്‍ ഇതോടെ അവസാനിച്ചു എന്നുമാണ് ആരാധകര്‍ പറയുന്നത്.

— ICT Fan (@Delphy06) October 24, 2024

അതേസമയം, ആദ്യ ദിവസം ലഞ്ചിന് ശേഷം ന്യൂസിലാന്‍ഡ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ 37 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 115 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 121 പന്തില്‍ 60 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും 36 പന്തില്‍ റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

ക്യാപ്റ്റന്‍ ടോം ലാഥം സൂപ്പര്‍ താരം വില്‍ യങ് എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. ഇരുവരെയും ആര്‍. അശ്വിനാണ് പുറത്താക്കിയത്.

22 പന്തില്‍ 15 റണ്‍സ് നേടി നില്‍ക്കവെ ലാഥമിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ അശ്വിന്‍ യങ്ങിനെ റിഷബ് പന്തിന്റെ കൈകളിലെത്തിച്ചും മടക്കി. 45 പന്തില്‍ 18 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ യങ്ങിന്റെ സമ്പാദ്യം.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തീ, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍. അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ.

Content highlight: IND vs NZ 2nd Test: Fans slams Gautam Gambhir for not including KL Rahul in the playin eleven

We use cookies to give you the best possible experience. Learn more