ഇത് നമുക്ക് ശരിയാവൂല കിങ്ങേ... എട്ട് വര്‍ഷത്തിന് ശേഷമുള്ള 'തിരിച്ചുവരവില്‍' വമ്പന്‍ നിരാശ
Sports News
ഇത് നമുക്ക് ശരിയാവൂല കിങ്ങേ... എട്ട് വര്‍ഷത്തിന് ശേഷമുള്ള 'തിരിച്ചുവരവില്‍' വമ്പന്‍ നിരാശ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th October 2024, 11:26 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥ മൂലം മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ടോസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ദിനം മത്സരം ആരംഭിച്ചെങ്കിലും മഴ വീണ്ടും വില്ലനായെത്തിയിക്കുകയാണ്.

മഴ മൂലം മത്സരം തടസ്സപ്പെടും മുമ്പ് തന്നെ ന്യൂസിലാന്‍ഡ് ഇന്ത്യയുടെ മൂര്‍ദ്ധാവില്‍ പ്രഹരമേല്‍പിച്ചിരുന്നു. പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടേതുമടക്കം മൂന്ന് വിക്കറ്റുകളാണ് കിവീസ് ബൗളര്‍മാര്‍ പിഴുതെറിഞ്ഞത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 16 പന്തില്‍ വെറും രണ്ട് റണ്‍സ് നേടി പുറത്തായി. വിരാട് ഒമ്പത് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ ബ്രോണ്‍സ് ഡക്കായാണ് സര്‍ഫറാസ് ഖാന്‍ പുറത്തായത്.

സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയത്. ഗില്ലിന് പകരക്കാരനായി സര്‍ഫറാസ് ഖാനും ടീമിന്റെ ഭാഗമായി.

2016ന് ശേഷം ഇതാദ്യമായാണ് വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ വണ്‍ ഡൗണായി കളത്തിലിറങ്ങിയത്. എന്നാല്‍ എപ്പോഴെത്തെയും പോലെ ഇത്തവണയും മൂന്നാം നമ്പര്‍ വിരാടിനെ തുണച്ചില്ല.

ഇത് ഏഴാം തവണയാണ് വിരാട് ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കളത്തിലിറങ്ങുന്നത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മൂന്നാം നമ്പറിലിറങ്ങിയ ചരിത്രമെഴുതിയ വിരാടിനെ, ടെസ്റ്റ് എല്ലായ്‌പ്പോഴും വണ്‍ ഡൗണ്‍ പൊസിഷനില്‍ ചതിച്ചു.

97 റണ്‍സ് മാത്രമാണ് ഏഴ് ഇന്നിങ്‌സില്‍ നിന്നും വിരാടിന് കണ്ടെത്താന്‍ സാധിച്ചത്. 16.16 ആണ് മൂന്നാം നമ്പറില്‍ വിരാടിന്റെ ടെസ്റ്റ് ശരാശരി. 41 ആണ് ഉയര്‍ന്ന സ്‌കോര്‍.

ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ വിരാട് ഇറങ്ങിയപ്പോള്‍

(റണ്‍സ് എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

14* – ഇംഗ്ലണ്ട് – അഹമ്മദാബാദ് – 2012

34 – ഓസ്‌ട്രേലിയ – മൊഹാലി – 2013

1 & 41 – ഓസ്‌ട്രേലിയ – ദല്‍ഹി – 2013

3 & 4 – വെസ്റ്റ് ഇന്‍ഡീസ് – ഗ്രോസ് ഐലറ്റ് – 2016

0 – ന്യൂസിലാന്‍ഡ് – ബെംഗളൂരു – 2024*

ന്യൂസിലാന്‍ഡിനെതിരെ പൂജ്യത്തിന് പുറത്തായതോടെ ഒരു മോശം റെക്കോഡും വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് വിരാട്. ഇത് 38ാം തവണയാണ് വിരാട് അന്താരാഷ്ട്ര തലത്തില്‍ പൂജ്യത്തിന് പുറത്താകുന്നത്.

ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഡക്ക് എന്നീ ക്രമത്തില്‍)

സഹീര്‍ ഖാന്‍ – 43

ഇഷാന്ത് ശര്‍മ – 40

വിരാട് കോഹ്‌ലി – 38*

ഹര്‍ഭജന്‍ സിങ് – 37

അനില്‍ കുംബ്ലെ – 35

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34

അതേസമയം, മഴ മൂലം മത്സരം തടസ്സപ്പെടുമ്പോള്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 37 പന്തില്‍ എട്ട് റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 11 പന്തില്‍ മൂന്ന് റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ് ഹെന്റി, ടിം സൗത്തി, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.

 

Content highlight: IND vs NZ, 1st Test: Virat Kohli’s poor performance at No: 3