ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മഴ കാരണം ആദ്യ ദിനം കളി മുടങ്ങിയ മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യക്ക് വമ്പന്‍ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒട്ടും മികച്ച തുടക്കമല്ല ലഭിച്ചത്. വെറും ഒറ്റ റണ്‍സിന്റെ ഇടവേളയില്‍ മൂന്ന് വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 9/0 എന്ന നിലയില്‍ നിന്നും 10/3 എന്ന നിലയിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 16 പന്തില്‍ വെറും രണ്ട് റണ്‍സ് നേടി പുറത്തായി. വണ്‍ ഡൗണായെത്തിയ വിരാട് ഒമ്പത് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ ബ്രോണ്‍സ് ഡക്കായാണ് സര്‍ഫറാസ് ഖാന്‍ പുറത്തായത്.
വില്‍ ഒ റൂര്‍കിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്. ചിന്നസ്വാമി ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായതോടെ ഒരു മോശം നേട്ടവും വിരാടിനെ തേടിയെത്തി.
അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയാണ് വിരാട് തലകുനിച്ചുനില്‍ക്കുന്നത്. ഇത് 38ാം തവണയാണ് വിരാട് അന്താരാഷ്ട്ര തലത്തില്‍ പൂജ്യത്തിന് പുറത്താകുന്നത്.
ഈ അനാവശ്യ റെക്കോഡിലെ ടോപ് ഫൈവില്‍ ഇടം നേടിയ ഏക പ്യുവര്‍ ബാറ്ററും വിരാട് മാത്രമാണ്.
ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഡക്ക് എന്നീ ക്രമത്തില്‍)
സഹീര്‍ ഖാന്‍ – 43
ഇഷാന്ത് ശര്‍മ – 40
വിരാട് കോഹ്‌ലി – 38*
ഹര്‍ഭജന്‍ സിങ് – 37
അനില്‍ കുംബ്ലെ – 35
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34
ഇത് 16ാം തവണയാണ് വിരാട് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പൂജ്യത്തിന് പുറത്താകുന്നത്. ഏകദിനത്തില്‍ 15 തവണ ‘സംപൂജ്യനായ’ വിരാട്, ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഏഴ് തവണയും ഇന്ത്യന്‍ ജേഴ്‌സിയില്‍ റണ്ണൊന്നുമെടുക്കാതെ തിരിച്ചുനടന്നു.
അതേസമയം, നിലവില്‍ ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 37 പന്തില്‍ എട്ട് റണ്‍സുമായി യശസ്വി ജെയ്‌സ്വാളും ഏഴ് പന്തില്‍ മൂന്ന് റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.