Advertisement
Sports News
ഇതിനായി കാത്തിരുന്നത് നീണ്ട 12 വര്‍ഷങ്ങള്‍; ചരിത്രമെഴുതി കിവികളുടെ 'സച്ചിനും ദ്രാവിഡും'
സ്പോര്‍ട്സ് ഡെസ്‌ക്
2024 Oct 18, 06:51 am
Friday, 18th October 2024, 12:21 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് മികച്ച നിലയില്‍. മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയും മുമ്പ് 299 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.

നിലവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. സൂപ്പര്‍ താരം രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് ന്യൂസിലാന്‍ഡ് വമ്പന്‍ ലീഡിലേക്ക് നടന്നുകയറിയത്. 125 പന്തില്‍ 104 റണ്‍സുമായി രചിന്‍ ബാറ്റിങ് തുടരുകയാണ്. 50 പന്തില്‍ 49 റണ്‍സുമായി ടിം സൗത്തിയാണ് ഒപ്പം ക്രീസില്‍ തുടരുന്നത്.

മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും രചിന്‍ സ്വന്തമാക്കി. ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ന്യൂസിലാന്‍ഡ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടം നേടിയാണ് രചിന്‍ തിളങ്ങിയത്.

2023 ലോകകപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍ താരത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചാണ് തനിക്ക് മാതാപിതാക്കള്‍ പേരിട്ടതെന്ന വെളിപ്പെടുത്തലും ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ താരത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. തുടര്‍ന്നും മികച്ച പ്രകടനം നടത്തി രചിന്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായി.

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ന്യൂസിലാന്‍ഡ് ബാറ്റര്‍ ഇന്ത്യന്‍ മണ്ണില്‍ റെഡ് ബോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. 2012ലാണ് ഇതിന് മുമ്പ് ഈ നേട്ടം പിറവിയെടുത്തത്. ബ്ലാക് ക്യാപ്‌സ് ഇതിഹാസം റോസ് ടെയ്‌ലറായിരുന്നു ഇതിന് മുമ്പ് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ കിവി പക്ഷി.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലായിരുന്നു ടെയ്‌ലറിന്റെ സെഞ്ച്വറി പിറവിയെടുത്തത്. 127 പന്ത് നേരിട്ട് 113 റണ്‍സാണ് താരം നേടിയത്. 16 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ടെയ്‌ലറിന്റെ ഇന്നിങ്‌സ്.

മത്സരത്തില്‍ ന്യൂസിലാന്‍ഡ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയിക്കാന്‍ മാത്രം അവര്‍ക്ക് സാധിച്ചില്ല. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം, ബെംഗളൂരുവില്‍ ബാറ്റിങ് തുടരുന്ന ന്യൂസിലാന്‍ഡ് വിജയം ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. 91 റണ്‍സടിച്ച ഡെവോണ്‍ കോണ്‍വേയുടെ ഇന്നിങ്‌സും കിവീസ് സ്‌കോര്‍ ബോര്‍ഡില്‍ നിര്‍ണായകമായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 46 റണ്‍സിന് പുറത്തായിരുന്നു. 20 റണ്‍സടിച്ച റിഷബ് പന്താണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കിവീസ് ബൗളിങ്ങില്‍ തിളങ്ങിയത്. വില്‍ ഒ റൂര്‍ക് ഫോര്‍ഫര്‍ നേടിയപ്പോള്‍ ടിം സൗത്തിയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

Content Highlight: IND vs NZ: 1st Test: Rachin Ravindra scored century