ചരിത്രത്തിലാദ്യം, 50 റണ്‍സ് പോലും എടുത്തില്ല! കൊത്തി കണ്ണുപൊട്ടിച്ച് കിവികള്‍; അന്തം വിട്ട് ഇന്ത്യ
Sports News
ചരിത്രത്തിലാദ്യം, 50 റണ്‍സ് പോലും എടുത്തില്ല! കൊത്തി കണ്ണുപൊട്ടിച്ച് കിവികള്‍; അന്തം വിട്ട് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th October 2024, 1:32 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥ മൂലം മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ടോസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ തന്നെ ഇന്ത്യക്ക് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വിരാടും രോഹിത്തും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പാടെ നിരാശപ്പെടുത്തി.

2024ലെ പത്താം ഒറ്റയക്കവുമായാണ് രോഹിത് പുറത്തായത്. രണ്ട് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് കണ്ടെത്താന്‍ സാധിച്ചത്. വിരാട് കോഹ്‌ലിയും, സര്‍ഫറാസ് ഖാനും, ജഡേജയും രാഹുലുമടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിനും പുറത്തായി.

ഇന്ത്യന്‍ നിരയില്‍ വെറും രണ്ട് താരങ്ങള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 49 പന്തില്‍ 20 റണ്‍സ് നേടിയ റിഷബ് പന്താണ് ടീമിന്റെ ടോപ് സ്‌കോറര്‍. 63 പന്തില്‍ 13 റണ്‍സടിച്ച യശസ്വി ജെയ്‌സ്വാളാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

പുറത്താകാതെ നാല് റണ്‍സ് നേടിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലെ മൂന്നാമന്‍.

ടെസ്റ്റ് ചരിത്രത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ 50ല്‍ താഴെ റണ്‍സിന് പുറത്താകുന്നത്. ഇന്ത്യയില്‍ ഒരു ടീമിന്റെ ഏറ്റവും ചെറിയ ടോട്ടലും ഇതുതന്നെയാണ്.

ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി ഫൈഫര്‍ നേടി. മൂന്ന് മെയ്ഡന്‍ അടക്കം 13.5 ഓവര്‍ പന്തെറിഞ്ഞ് വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് കിവീസ് സൂപ്പര്‍ താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

വില്‍ ഒ റൂര്‍ക് നാല് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് അതിവേഗം കുതിച്ചെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ആശ്വാസം നല്‍കുന്ന പ്രകടനമല്ല ബാറ്റര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ കിവീസ് ബൗളിങ് യൂണിറ്റിനോട് പരാജയപ്പെടുകയായിരുന്നു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ് ഹെന്റി, ടിം സൗത്തി, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.

 

Content highlight: IND vs NZ: 1st Test: India all out for 46 runs