ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ലീഡ്. ഇന്ത്യയെ വെറും 46 റണ്‍സിന് എറിഞ്ഞിട്ടാണ് കിവീസ് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയത്.
ഇന്ത്യ പരാജയപ്പെട്ട പിച്ചില്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ റണ്ണടിച്ചുകൂട്ടുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. രണ്ടാം ദിനം ചായക്ക് പിരിയുന്നതിന് മുമ്പ് തന്നെ കിവികള്‍ ലീഡ് നേടി. 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 എന്ന നിലയില്‍, 36 റണ്‍സിന്റെ ലീഡുമായാണ് കിവികള്‍ ചായക്ക് പിരിഞ്ഞത്.
ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയത്. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ കിവികള്‍ പടുത്തുയര്‍ത്തിയത്. 15 റണ്‍സെടുത്ത ടോം ലാഥമിന്റെ വിക്കറ്റാണ് കിവികള്‍ക്ക് നഷ്ടമായത്.
ടെസ്റ്റില്‍ ഏകദിനം കളിച്ച ഡെവോണ്‍ കോണ്‍വേയുടെ വെടിക്കെട്ടിനാണ് ബെംഗളൂരു സാക്ഷ്യം വഹിച്ചത്. അര്‍ധ സെഞ്ച്വറി നേടിയാണ് താരം ബാറ്റിങ് തുടരുന്നത്.
വ്യക്തിഗത സ്‌കോര്‍ 45ല്‍ നില്‍ക്കവെ, നേരിട്ട 54ാം പന്തില്‍ സൂപ്പര്‍ താരം ആര്‍. അശ്വിനെ സിക്‌സറിന് പറത്തിയാണ് കോണ്‍വേ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
നിലവില്‍ 64 പന്തില്‍ 61 റണ്‍സുമായി കോണ്‍വേയും ഏഴ് പന്തില്‍ അഞ്ച് റണ്‍സുമായി വില്‍ യങ്ങുമാണ് ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും അടക്കമുള്ള ബാറ്റിങ് യൂണിറ്റ് ചീട്ടുകൊട്ടാരത്തെക്കാള്‍ വേഗത്തില്‍ തകര്‍ന്നടഞ്ഞു.
വെറും രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 49 പന്തില്‍ 20 റണ്‍സ് നേടിയ റിഷബ് പന്താണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 63 പന്തില്‍ 13 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളും ഇന്ത്യയെ 36 റണ്‍സ് മറികടക്കാന്‍ സഹായിച്ചു.
പുറത്താകാതെ നാല് റണ്‍സ് നേടിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്ത മറ്റൊരു താരം. വെറും നാല് ബൗണ്ടറികള്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് റണ്‍സടിച്ച് മടങ്ങിയപ്പോള്‍വിരാട് കോഹ് ലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ തുടങ്ങി അഞ്ച് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്.
ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി ഫൈഫര്‍ നേടി. മൂന്ന് മെയ്ഡന്‍ അടക്കം 13.5 ഓവര്‍ പന്തെറിഞ്ഞ് വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് കിവീസ് സൂപ്പര്‍ താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.
വില്‍ ഒ റൂര്‍ക് നാല് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.
ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍
ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മാറ്റ് ഹെന്റി, ടിം സൗത്തി, അജാസ് പട്ടേല്‍, വില്‍ ഒ റൂര്‍ക്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Content highlight: IND vs NZ: 1st Test, Day 2: New Zealand took 1st innings lead before tea