Sports News
അരങ്ങേറ്റം നടത്തി ചരിത്രം കുറിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്, പക്ഷേ ചക്രവര്‍ത്തിക്ക് പറ്റും; എഞ്ചിനീയര്‍ക്ക് ശേഷം രണ്ടാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 09, 08:32 am
Sunday, 9th February 2025, 2:02 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് സാധ്യമായ എല്ലാ മൊമെന്റവും നേടുക എന്നത് തന്നെയാകും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.

ആദ്യ മത്സരത്തില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനായി ബരാബതി സ്റ്റേഡിയത്തില്‍ ഇറങ്ങിയിരിക്കുന്നത്. യുവതാരം യശസ്വി ജെയ്‌സ്വാളിന് പകരം വിരാട് കോഹ്‌ലി ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയും പ്ലെയിങ് ഇലവന്റെ ഭാഗമായി.

വരുണ്‍ ചക്രവര്‍ത്തിയുടെ ഏകദിന അരങ്ങേറ്റത്തിന് കൂടിയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ടി-20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആരാധകര്‍ പ്രതീക്ഷിച്ച അരങ്ങേറ്റം തന്നെയായിരുന്നു ചക്രവര്‍ത്തിയുടേത്.

ഇതോടെ ഒരു റെക്കോഡും ചക്രവര്‍ത്തി സ്വന്തമാക്കി. ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ രണ്ടാമത് താരമെന്ന നേട്ടമാണ് തമിഴ്‌നാട് സ്പിന്നര്‍ സ്വന്തമാക്കിയത്.

33 വയസും 164 ദിവസവും പ്രായമുള്ളപ്പോഴാണ് ചക്രവര്‍ത്തി അരങ്ങേറ്റം നടത്തുന്നത്. 36ാം വയസില്‍ ഇന്ത്യക്കായി തന്റെ ആദ്യ ഏകദിനം കളിച്ച ഫാറൂഖ് എഞ്ചിനീയറുടെ പേരിലാണ് ഇപ്പോഴും ഈ റെക്കോഡുള്ളത്.

ഫാറൂഖ് എഞ്ചീനീയര്‍

ഏകദിന അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരം

(താരം – പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഫാറൂഖ് എഞ്ചീനീയര്‍ – 36 വയസും ദിവസവും – ഇംഗ്ലണ്ട് – 1974

വരുണ്‍ ചക്രവര്‍ത്തി – 33 വയസും 307 ദിവസവും – ഇംഗ്ലണ്ട് – 1974

അജിത് വഡേക്കര്‍ – 33 വയസും 103 ദിവസവും – ഇംഗ്ലണ്ട് – 1974

ദിലീപ് ദോഷി – 32 വയസും 350 ദിവസവും – ഓസ്‌ട്രേലിയ – 1980

സയ്യിദ് ആബിദ് അലി – 32 വയസും 307 ദിവസവും – ഇംഗ്ലണ്ട് – 1974

അതേസമയം, ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 എന്ന നിലയിലാണ്. 15 പന്തില്‍ 22 റണ്‍സുമായി ബെന്‍ ഡക്കറ്റും ഒമ്പത് പന്തില്‍ ആറ് റണ്‍സുമായി ഫില്‍ സാള്‍ട്ടുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, ഗസ് ആറ്റ്കിന്‍സണ്‍, മാര്‍ക് വുഡ്, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

 

Content Highlight: IND vs ENG: Varun Chakravarthy becomes the 2nd oldest player to debut in ODI format for India