|

318 നോട്ട് ഔട്ട്!! ഒരുത്തനും തൊടാന്‍ സാധിക്കാത്ത ഉയരത്തില്‍; തിലക് വര്‍മയുടെ വേട്ട തുടരും

സ്പോര്‍ട്സ് ഡെസ്‌ക്

വീണ്ടുമൊരു തിലക് വര്‍മ ഷോയില്‍ എതിരാളികള്‍ നിഷ്പ്രഭമായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യ വിജയിച്ചപ്പോള്‍ ആ വിജയത്തിന് കാരണക്കാരനായത് തിലക് വര്‍മയെന്ന 22കാരനാണ്. ചെപ്പോക്കില്‍ തകര്‍ത്തടിച്ച തിലക് ഇന്ത്യയ്ക്ക് പരമ്പരയില്‍ 2-0ന്റെ ലീഡും സമ്മാനിച്ചു.

55 പന്ത് നേരിട്ട് അഞ്ച് സിക്‌സറും നാല് ഫോറും അടക്കം പുറത്താകാതെ 72 റണ്‍സാണ് തിലക് വര്‍മ സ്വന്തമാക്കിയത്. 130.91 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഒരേസമയം വിക്കറ്റ് സംരക്ഷിക്കുകയും റണ്‍സ് ഉയര്‍ത്തുകയും ചെയ്യേണ്ട സാഹചര്യത്തില്‍ പക്വതയോടെ ബാറ്റ് വീശിയാണ് തിലക് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും തിലക് വര്‍മയെ തന്നെയായിരുന്നു.

ഈ മത്സരത്തില്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും തിലക് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ (ഫുള്‍ മെമ്പേഴ്‌സ്) രണ്ട് ഡിസ്മിസ്സലുകള്‍ക്കിടയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് തിലക് സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ക് ചാപ്മാനെ മറികടന്നുകൊണ്ടാണ് തിലക് ഈ നേട്ടം സ്വന്തമാക്കിയത്.

മാര്‍ക് ചാപ്മാന്‍

ഇതിനൊപ്പം മറ്റൊരു റെക്കോഡും തിലക് സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20 (ഫുള്‍ മെമ്പേഴ്‌സ്)യുടെ ചരിത്രത്തിലാദ്യമായാണ് ഒരു താരം പുറത്താകാതെ 300+ അഗ്രഗേറ്റ് സ്‌കോര്‍ സ്വന്തമാക്കുന്നത്.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് തിലക് അവസാനമായി പുറത്തായത്. ശേഷം അതുവരെ താരം തന്റെ വിക്കറ്റ് എതിരാളികള്‍ക്ക് സമ്മാനിച്ചിട്ടില്ല. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണ് താരം റണ്‍വേട്ട തുടരുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ രണ്ട് ഡിസ്മിസ്സലുകള്‍ക്കിടയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍ (ഫുള്‍ മെമ്പേഴ്‌സ്)

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

തിലക് വര്‍മ – ഇന്ത്യ – 318 (107*, 120*, 19*, 72*)

മാര്‍ക് ചാപ്മാന്‍ – ന്യസിലാന്‍ഡ് – 271 (65*, 16*, 71*, 104*, 15)

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 240 (68*, 172)

ശ്രേയസ് അയ്യര്‍ – ഇന്ത്യ – 240 (57*, 74*, 73*, 36)

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 239 (100*, 60*, 57*, 2*, 20)

ചെപ്പോക്കിലും തിലക് വര്‍മയെ പുറത്താക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് സാധിക്കാത്തതിനാല്‍ താരത്തിന്റെ റെക്കോഡ് ഇനിയും ഉയരുമെന്ന് ഉറപ്പാണ്.

തിലകിന്റെ കരുത്തില്‍ മത്സരം വിജയിച്ച് പരമ്പരയില്‍ ലീഡ് നേടിയ ഇന്ത്യ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പരയും തങ്ങളുടെ പേരിലെഴുതാനുള്ള ശ്രമത്തിലാണ്. തിലകും ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ സഞ്ജുവും സൂര്യയും അടക്കമുള്ള വിശ്വസ്തര്‍ക്ക് പ്രതീക്ഷ കാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ജനുവരി 28നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. സൗരാഷ്ട്രയില്‍ പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ എന്ത് വിലകൊടുത്തും വിജയിക്കാന്‍ തന്നെയാകും ബട്‌ലറിന്റെയും സംഘത്തിന്റെയും ശ്രമം.

Content Highlight: IND vs ENG: Tilak Varma tops the list of most runs between two dismissals in T20Is among full-member teams