|

ഒന്നാമതുള്ള വിരാട് രണ്ടാമനായി, രണ്ടാമന്‍ സഞ്ജു ഇപ്പോള്‍ മൂന്നാമനും; തകര്‍പ്പന്‍ നേട്ടത്തില്‍ ഇന്ത്യയുടെ തിലകക്കുറി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ന്റെ ലീഡ് നേടിയിരിക്കുകയാണ്. ചെപ്പോക്കില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. തിലക് വര്‍മയുടെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

55 പന്ത് നേരിട്ട് അഞ്ച് സിക്‌സറും നാല് ഫോറും അടക്കം പുറത്താകാതെ 72 റണ്‍സാണ് തിലക് വര്‍മ സ്വന്തമാക്കിയത്. 130.91 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഒരേസമയം വിക്കറ്റ് സംരക്ഷിക്കുകയും റണ്‍സ് ഉയര്‍ത്തുകയും ചെയ്യേണ്ട സാഹചര്യത്തില്‍ പക്വതയോടെ ബാറ്റ് വീശിയാണ് തിലക് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

കളിയിലെ താരമായി തെരഞ്ഞെടുത്തതും തിലക് വര്‍മയെ തന്നെയായിരുന്നു.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും തിലക് വര്‍മ സ്വന്തമാക്കി. തുടര്‍ച്ചയായ നാല് ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് തിലക് സ്വന്തമാക്കിയത്. ഒടുവില്‍ കളിച്ച നാല് ഇന്നിങ്‌സില്‍ നിന്നും 318 റണ്‍സാണ് തിലക് അടിച്ചെടുത്തത്. 107*, 120*, 19*, 72* എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ത്താണ് തിലക് ഒന്നാം സ്ഥാനത്തെത്തിയത്. 2014-2015 സീസണില്‍ വിരാട് നേടിയ 258 റണ്‍സായിരുന്നു റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 72*, 77, 66, 43 എന്നിങ്ങനെയായിരുന്നു വിരാടിന്റെ പ്രകടനം.

വിരാട് കോഹ്‌ലി

തുടര്‍ച്ചയായ നാല് ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

തിലക് വര്‍മ – 318

വിരാട് കോഹ്‌ലി – 258

സഞ്ജു സാംസണ്‍ – 257

രോഹിത് ശര്‍മ – 253

ശിഖര്‍ ധവാന്‍ – 252

തിലകിന്റെ കരുത്തില്‍ മത്സരം വിജയിച്ച് പരമ്പരയില്‍ ലീഡ് നേടിയ ഇന്ത്യ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പരയും തങ്ങളുടെ പേരിലെഴുതാനുള്ള ശ്രമത്തിലാണ്. തിലകും ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ സഞ്ജുവും സൂര്യയും അടക്കമുള്ള വിശ്വസ്തര്‍ക്ക് പ്രതീക്ഷ കാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ജനുവരി 28നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. സൗരാഷ്ട്രയില്‍ പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ എന്ത് വിലകൊടുത്തും വിജയിക്കാന്‍ തന്നെയാകും ബട്‌ലറിന്റെയും സംഘത്തിന്റെയും ശ്രമം.

Content Highlight: IND vs ENG: Tilak Varma surpassed Virat Kohli in an unique record

Video Stories