സ്വന്തം മണ്ണില്‍ വീണ്ടും മറ്റൊരു ടി-20 പരമ്പരയ്ക്ക് ഇന്ത്യ കച്ച മുറുക്കുകയാണ്. ഇംഗ്ലണ്ടിനെതിരെയാണ് ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യ ആദ്യ വൈറ്റ് ബോള്‍ സീരീസ് കളിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിന് ബുധനാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കും. ഇന്ത്യന്‍ സമയം രാത്രി 7 മണിയ്ക്കാണ് മത്സരം.
ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോഡാണ് മുംബൈ ഇന്ത്യന്‍സിന്റെ യുവതാരത്തിന് മുമ്പിലുള്ളത്.
നേരത്തെ അവസാനിച്ച ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്ന്, നാല് മത്സരങ്ങളിലാണ് തിലക് സെഞ്ച്വറി നേടിയത്.
സെഞ്ചൂറിയനില്‍ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തിലക് വര്‍മയുടെ കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും പാടെ നിരാശപ്പെടുത്തിയ മത്സരത്തില്‍ അഭിഷേക് ശര്‍മയെ ഒപ്പം കൂട്ടിയാണ് തിലക് വര്‍മ ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്.
അഭിഷേക് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ പുറത്താകാതെ 107 റണ്‍സുമായി തിലക് വര്‍മ തിളങ്ങി.
ജോഹനാസ്‌ബെര്‍ഗില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തിലും താരം സെഞ്ച്വറി നേടി. സൂപ്പര്‍ താരം സഞ്ജു സാംസണായിരുന്നു ഇത്തവണ തിലകിന്റെ പങ്കാളി. ഇരുവരും സെഞ്ച്വറിയടിച്ച് ഇന്ത്യയെ 283 റണ്‍സിലെത്തിച്ചു.
സഞ്ജു 56 പന്തില്‍ 109 റണ്‍സടിച്ചപ്പോള്‍ 47 പന്തില്‍ പുറത്താകാതെ 120 റണ്‍സാണ് തിലക് വര്‍മ സ്വന്തമാക്കിയത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായി ഇടം നേടാനും തിലക് വര്‍മയ്ക്ക് സാധിച്ചു. ഫ്രാന്‍സ് താരം ഗുസ്‌തേവ് മക്കിയോണ്‍, പ്രോട്ടിയാസ് താരം റിലി റൂസോ, ഇംഗ്ലണ്ട് വെടിക്കെട്ട് വീരന്‍ റിലി റൂസോ, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.
ഇപ്പോള്‍ ഇവര്‍ക്കാര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടത്തിലേക്കാണ് തിലക് വര്‍മ കണ്ണുവെയ്ക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ന്‍ ഗാര്‍ഡന്‍സിലും സെഞ്ച്വറി പൂര്‍ത്തിയാക്കി അത്യപൂര്‍വ ഹാട്രിക്കാണ് തിലക് ലക്ഷ്യമിടുന്നത്.
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).
ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.
Content highlight: IND vs ENG: Tilak Varma aiming for a historic record