ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
പരമ്പരയിലെ അഞ്ചാം മത്സരത്തിന് മുമ്പ് തന്നെ വിജയം സ്വന്തമാക്കിയ ഇന്ത്യ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ 150 റണ്‍സിന്റെ വിജയമാണ് നേടിയത്.
ടി-20 പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇനി ഇംഗ്ലണ്ടിന് മുമ്പിലുള്ളത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഇരു ടീമുകളുടെയും അവസാന മത്സരങ്ങളാണിത്.
ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ ജോ റൂട്ട് ടീമിന്റെ ഭാഗമാകുമെന്ന് നായകന്‍ ജോസ് ബട്‌ലര്‍ വ്യക്തമാക്കിയിരുന്നു.
റൂട്ട് ടീമിന്റെ ഭാഗമാകുന്നതോടെ ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഇംഗ്ലണ്ട് കൂടുതല്‍ ശക്തരാകും. പരമ്പരയില്‍ റൂട്ട് പന്തെറിയുമെന്നും റൂട്ടിനൊപ്പം കളത്തിലിറങ്ങാന്‍ കാത്തിരിക്കുകയാണെന്നും ബട്‌ലര്‍ വ്യക്തമാക്കി.
മൂന്ന് മത്സരങ്ങളാണ് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലുള്ളത്. ഫെബ്രുവരി ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.