|

എല്ലാം മുന്‍കൂട്ടി കണ്ടിട്ടാണല്ലേ ടീമിലെത്തിച്ചത്? സഞ്ജുവിന്റെ അന്തകര്‍ രണ്ടാളും രാജസ്ഥാനില്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്.

കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ കരുത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം തിലക് വര്‍മയിലൂടെ മറികടന്ന് ഇന്ത്യ പരമ്പരയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഏഴ് പന്ത് നേരിട്ട താരം അഞ്ച് റണ്‍സ് നേടിയാണ് പുറത്തായത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ബ്രൈഡന്‍ ക്രേസിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

ബാക്ക് ഫൂട്ടിലിറങ്ങി ആര്‍ച്ചറിനെ സിക്‌സറിന് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളി. ഡീപ് മിഡ്‌വിക്കറ്റില്‍ ബ്രൈഡന്‍ ക്രേസിന്റെ കയ്യിലൊതുങ്ങി താരം പുറത്തായി. ഒരിക്കല്‍ക്കൂടി മോശം ഷോട്ട് സെലക്ഷനാണ് താരത്തിന് പവലിയനിലേക്കുള്ള വഴിയൊരുക്കിയത്.

പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് ആര്‍ച്ചര്‍ സഞ്ജുവിനെ മടക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിലും ആര്‍ച്ചര്‍ തന്നെയാണ് സഞ്ജുവിന് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. 20 പന്തില്‍ 26 റണ്‍സുമായി നില്‍ക്കവെ ഗസ് ആറ്റ്കിന്‍സണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്. നേരത്തെ അവസാനിച്ച ഐ.പി.എല്‍ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് ജോഫ്രാ ആര്‍ച്ചറിനെ സ്വന്തമാക്കിയത്. ടീമിന്റെ വിശ്വസ്തനായ ട്രെന്റ് ബോള്‍ട്ടിനെയടക്കം കൈവിട്ട രാജസ്ഥാന്‍ 12.5 കോടിക്കാണ് ആര്‍ച്ചറിനെ സ്വന്തമാക്കിയത്. ലേലത്തില്‍ രാജസ്ഥാന്‍ ഏറ്റവുമധികം തുക ചെലവഴിച്ചതും ആര്‍ച്ചറിന് വേണ്ടി തന്നെയായിരുന്നു.

സഞ്ജുവിന്റെ ദൗര്‍ബല്യം കൃത്യമായി മുതലാക്കാന്‍ സാധിക്കുന്ന ആര്‍ച്ചറിനെ രാജസ്ഥാന്‍ റോയല്‍സ് തന്ത്രപൂര്‍വം ടീമിലെത്തിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍ച്ചറിനെ ടീമിലെത്തിച്ചതിന് പിന്നില്‍ സഞ്ജുവിന്റെ ബുദ്ധിയാണെന്ന് പറയുന്നവരും കുറവല്ല.

സഞ്ജുവിന്റെ ചിരവൈരികള്‍ മറ്റൊരാളായ വാനിന്ദു ഹസരങ്കയും ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. രണ്ട് കോടി അടിസ്ഥാന വിലയുള്ള വാനിന്ദു ഹസരങ്കയെ 5.25 കോടിക്ക് ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സ്പിന്‍ ഡിപ്പാര്‍ട്മെന്റ് കൂടുതല്‍ ശക്തമാക്കിയത്. ശ്രീലങ്കയുടെ വിശ്വസ്തനായ ഓള്‍ റൗണ്ടര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലും പുതിയ ഇന്നിങ്സിനാണ് തയ്യാറെടുക്കുന്നത്.

ഹസരങ്കയെ സ്വന്തമാക്കിയതോടെ രാജസ്ഥാന്‍ ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. നായകന്‍ സഞ്ജു സാംസണ്‍ ഹസരങ്കയുടെ ബണ്ണിയാണ് എന്നതുതന്നെയാണ് ഇതിന് കാരണവും.

ഒരു ബാറ്ററെ ഒരു ബൗളര്‍ തുടര്‍ച്ചയായി പുറത്താക്കിയാല്‍ അയാള്‍ ആ ബൗളറുടെ ബണ്ണിയെന്നറിയപ്പെടും. ഇത്തരത്തില്‍ സഞ്ജുവിനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് ഹസരങ്ക.

സഞ്ജുവും ഹസരങ്കയും എട്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് തവണയാണ് ശ്രീലങ്കന്‍ താരം സഞ്ജുവിനെ പുറത്താക്കിയത്. ഹസരങ്കക്കെതിരെ താരത്തിന്റെ ബാറ്റിങ് പ്രകടനവും ശരാശരിയാണ്.

ഐ.പി.എല്‍ 2023ന് മുന്നോടിയായി വിന്‍ഡീസ് സൂപ്പര്‍ താരം ജേസണ്‍ ഹോള്‍ഡറെയും രാജസ്ഥാന്‍ ടീമിലെത്തിച്ചിരുന്നു. രാജസ്ഥാന്‍ നായകനെതിരെ മികച്ച പ്രകടനമാണ് കരീബിയന്‍ സൂപ്പര്‍ താരം പുറത്തെടുത്തിരുന്നത്. സഞ്ജുവിനെ പലകുറി പുറത്താക്കിയ ചഹല്‍ മെഗാലേലത്തില്‍ രാജസ്ഥാന്റെ ഭാഗമായപ്പോഴും ആരാധകര്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകളുയര്‍ന്നിരുന്നു.

Content Highlight: IND vs ENG: Jofra Archer dismissed Sanju Samson in both matches

Video Stories