Sports News
അവസാന ടി-20യില്‍ അഭിഷേക് ശര്‍മയ്ക്ക് 38 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം; ആധികാരിക വിജയത്തോടെ പരമ്പര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 02, 04:53 pm
Sunday, 2nd February 2025, 10:23 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത് വിജയമാണിത്.

ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 97 റണ്‍സിന് പുറത്തായി. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇംഗ്ലണ്ട് ടീം നേടിയതിനേക്കാള്‍ 38 റണ്‍സ് അധികം അഭിഷേക് ശര്‍മ നേടിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു. ഓപ്പണറായി കളത്തിലെത്തിയ സഞ്ജു 200+ സ്‌ട്രൈക്ക് റേറ്റില്‍ 16 റണ്‍സുമായി അതിവേഗം പുറത്തായെങ്കിലും അഭിഷേക് റണ്‍സ് ഉയര്‍ത്താനുള്ള ചുമതല സ്വയമേറ്റെടുത്തു.

54 പന്ത് നേരിട്ട ഇന്ത്യന്‍ ഓപ്പണര്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും 13 സിക്സറും അടക്കം 250.00 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഒരു ദയവുമില്ലാതെയാണ് അഭിഷേക് ശര്‍മ ഇംഗ്ലണ്ട് ബൗളര്‍മാരെ ആക്രമിച്ചത്. ജോഫ്രാ ആര്‍ച്ചര്‍ അടക്കമുള്ള ബൗളര്‍മാര്‍ സണ്‍റൈസേഴ്സ് സൂപ്പര്‍ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ഒടുവില്‍ ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡും സ്വന്തമാക്കിയാണ് താരം കളം വിട്ടത്.

അഭിഷേക് ശര്‍മയ്ക്ക് പുറമെ 13 പന്തില്‍ 30 റണ്‍സ് നേടിയ ശിവം ദുബെയും ഇന്ത്യന്‍ നിരയില്‍ മികച്ചു നിന്നു. 15 പന്തില്‍ 24 റണ്‍സ് നേടിയ തിലക് വര്‍മ, ഏഴ് പന്തില്‍ 16 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ എന്നിവരാണ് റണ്‍സ് നേടിയ മറ്റ് താരങ്ങള്‍.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായാണ് താരം പുറത്തായത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് ഒരു മികച്ച ക്യാച്ചിലൂടെ താരത്തെ പുറത്താക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മാര്‍ക് വുഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ജെയ്മി ഓവര്‍ട്ടണും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടും അറ്റാക്കിങ് അപ്രോച്ച് തന്നെ പുറത്തെടുത്തു. ആദ്യ ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമിയെ നിരാശനാക്കി ഫില്‍ സോള്‍ട്ടിന്റെ ബാറ്റ് വാംഖഡെയില്‍ കവിത രചിച്ചുതുടങ്ങി. സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാ ആരാധകരെയും നിശബ്ദമാക്കുന്നതായിരുന്നു ആദ്യ ഓവര്‍. ശേഷം ഹര്‍ദിക് പാണ്ഡ്യയെയും താരം നോവിച്ചുവിട്ടു.

ഒരു വശത്ത് നിലയുറപ്പിച്ച ഫില്‍ സോള്‍ട്ടിന് പകരം മറുവശത്തെ ആക്രമിക്കാന്‍ ഇന്ത്യ മുതിര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ മൊമെന്റം നഷ്ടപ്പെട്ടു. ബെന്‍ ഡക്കറ്റിനെ ഗോള്‍ഡന്‍ ഡക്കാക്കി ഷമി വെടിക്കെട്ടിന് തുടക്കമിട്ടു. പിന്നാലെയെത്തിയവരില്‍ ജേകബ് ബേഥലിന് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. ഏഴ് പന്തില്‍ പത്ത് റണ്‍സാണ് താരം നേടിയത്.

23 പന്തില്‍ 55 റണ്‍സ് നേടിയാണ് ഫില്‍ സോള്‍ട്ട് ഇംഗ്ലണ്ടിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. മൂന്ന് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. അഭിഷേക് ശര്‍മയും ശിവം ദുബെയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ തകവി ബിഷ്‌ണോയ് ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

ടി-20 പരമ്പരയക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.

 

Content Highlight: IND vs ENG: India defeated England