| Wednesday, 22nd January 2025, 2:04 pm

ഏതൊരു ബൗളറും കൊതിക്കുന്ന ചരിത്ര നേട്ടം; റെക്കോഡില്‍ ബല്ലേ ബല്ലേ പാടാന്‍ അര്‍ഷ്ദീപ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ജനുവരി 22ന് നടക്കുന്ന പരമ്പരയുടെ ആദ്യ മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

അഞ്ച് ടി-20കളാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ആദ്യ ഹോം മത്സരവും വൈറ്റ് ബോള്‍ മത്സരവുമാണിത്.

മത്സരത്തില്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ഒരു ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡ് നേട്ടമാണ് അര്‍ഷ്ദീപ് ലക്ഷ്യമിടുന്നത്. നിലവില്‍ 95 വിക്കറ്റുകളാണ് ഇടംകയ്യന്‍ പേസറുടെ പേരിലുള്ളത്.

2022ല്‍ കരിയര്‍ ആരംഭിച്ച അര്‍ഷ്ദീപ് രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി-20 ബൗളര്‍മാരില്‍ പ്രധാനിയായി മാറിയിരിക്കുകയാണ്. 60 ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ താരം 18.10 ശരാശരിയിലും 13.05 സ്‌ട്രൈക്ക് റേറ്റിലുമാണ് പന്തെറിയുന്നത്. 2024 ടി-20 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരെ ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് അര്‍ഷ്ദീപിന്റെ മികച്ച പ്രകടനം.

ഇന്ത്യക്കായി ടി-20യില്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാനാണ് അര്‍ഷ്ദീപ്. ഒരു വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ ഒന്നാമതുള്ള ചഹലിനൊപ്പമെത്താനും മറ്റൊന്നുകൂടി നേടിയാല്‍ ചഹലിനെ മറികടക്കാനും അര്‍ഷ്ദീപിന് സാധിക്കും.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

യൂസ്വേന്ദ്ര ചഹല്‍ – 79 – 96

അര്‍ഷ്ദീപ് സിങ് – 60 – 95

ഭുവനേശ്വര്‍ കുമാര്‍ – 86 – 90

ജസ്പ്രീത് ബുംറ – 69 – 89

ഹര്‍ദിക് പാണ്ഡ്യ – 97 – 89

ആര്‍. അശ്വിന്‍ – 65 – 72

ഒടുവില്‍ കളിച്ച ടി-20യിലും മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ഷ്ദീപ് ഉടന്‍ തന്നെ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്.

ഇതേ പ്രകടനം ഇംഗ്ലണ്ടിനെതിരെ ആവര്‍ത്തിക്കാനാണ് അര്‍ഷ്ദീപ് ഒരുങ്ങുന്നത്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

Content highlight: IND vs ENG: Arshdeep Singh need 5 wickets to becomes the Indian first bowler to pick 100 T20I wickets

Latest Stories

We use cookies to give you the best possible experience. Learn more