|

700ാം തോല്‍വിയുടെ നിരാശയില്‍ പരമ്പര നേടാന്‍ ഇന്ത്യ; പൊടിപാറും പോരാട്ടത്തിന് കാത്തിരിക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1 എന്ന നിലയില്‍ ആതിഥേയര്‍ മുമ്പിലാണ്. എം.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാം മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, ഈ പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഇംഗ്ലണ്ടിനും വിജയം അനിവാര്യമാണ്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ രാജ്‌കോട്ടില്‍ പരാജയപ്പെട്ടത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 26 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ 700ാം പരാജയമായാണ് ഈ തോല്‍വി അടയാളപ്പെടുത്തപ്പെട്ടത്. അന്താരാഷ്ട്ര ടി-20യിലെ ഇന്ത്യയുടെ 71ാം തോല്‍വി കൂടിയാണിത്.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രകടനം (1932 – 2025)

മത്സരം – 1892
ജയം – 902
തോല്‍വി – 700
ടൈ – 17
സമനില – 223
നോ റിസള്‍ട്ട് – 50

1058 ഏകദിനത്തിലാണ് ഇന്ത്യ ഇതുവരെ കളത്തിലിറങ്ങിയത്. അതില്‍ 559 മത്സരത്തില്‍ വിജയിച്ചപ്പോള്‍ 445 മത്സരത്തില്‍ പരാജയവും രുചിച്ചു. പത്ത് മത്സരം ടൈയില്‍ കലാശിച്ചപ്പോള്‍ 44 മത്സരങ്ങള്‍ ഫലമില്ലാതെയും അവസാനിച്ചു.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 589മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 181 മത്സരം വിജയിച്ചപ്പോള്‍ 184 മത്സരത്തില്‍ തോല്‍വിയുമറിഞ്ഞു. 223 ടെസ്റ്റുകള്‍ സമനിലയിലും പൂര്‍ത്തിയാക്കി.

അന്താരാഷ്ട്ര ടി-20യില്‍ 245 മത്സരമാണ് ഇന്ത്യ കളിച്ചത്. 162 മത്സരം വിജയിച്ചപ്പോള്‍ 72 കളിയില്‍ തോല്‍വിയറിഞ്ഞു. ആറ് വീതം മത്സരം ടൈയിലും റിസള്‍ട്ട് ഇല്ലാതെയും അവസാനിച്ചു.

ഇന്ത്യയുടെ തോല്‍വികള്‍

(തോല്‍വി – എതിരാളികള്‍ – ഫോര്‍മാറ്റ് – ക്യാപ്റ്റന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

100ാം പരാജയം – പാകിസ്ഥാന്‍ – ടെസ്റ്റ് – സുനില്‍ ഗവാസ്‌കര്‍ – 1983

200ാം പരാജയം – ഓസ്‌ട്രേലിയ – ഏകദിനം – മുഹമ്മദ് അസറുദ്ദീന്‍ – 1992

300ാം പരാജയം – പാകിസ്ഥാന്‍ ജ ടെസ്റ്റ് – മുഹമ്മദ് അസറുദ്ദീന്‍ – 1999

400ാം പരാജയം – പാകിസ്ഥാന്‍ – ഏകദിനം – സൗരവ് ഗാംഗുലി – 2004

500ാം പരാജയം – ശ്രീലങ്ക – ഏകദിനം – എം.എസ്. ധോണി – 2010

600ാം പരാജയം – സൗത്ത് ആഫ്രിക്ക – ടെസ്റ്റ് – വിരാട് കോഹ്‌ലി – 2018

700ാം പരാജയം – ഇംഗ്ലണ്ട് – ടി-20ഐ – സൂര്യകുമാര്‍ യാദവ് – 2025*

അതേസമയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് പരമ്പര നേടാനാണ് സൂര്യയും സംഘവും തയ്യാറെടുക്കുന്നത്. തന്റെ ക്യാപ്റ്റന്‍സിയില്‍ ഒറ്റ ടി-20 പരമ്പര പോലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്താന്‍ കൂടിയാകും സൂര്യ ഇറങ്ങുന്നത്.

Content Highlight: IND vs ENG: After losing the third T20 against England, India reached 700 defeats in international cricket.

Video Stories