ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വേദിയാവുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് സ്വന്തമാക്കി.
സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 54 പന്ത് നേരിട്ട ഇന്ത്യന്‍ ഓപ്പണര്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും 13 സിക്‌സറും അടക്കം 250.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഒരു ദയവുമില്ലാതെയാണ് അഭിഷേക് ശര്‍മ ഇംഗ്ലണ്ട് ബൗളര്‍മാരെ ആക്രമിച്ചത്. ജോഫ്രാ ആര്‍ച്ചര്‍ അടക്കമുള്ള ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
17 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി ടി-20 ചരിത്രത്തില്‍ ഇന്ത്യയ്ക്കായി വേഗമേറിയ രണ്ടാമത് അര്‍ധ സെഞ്ച്വറി നേടിയ താരം മറ്റ് പല റെക്കോഡുകളും സ്വന്തമാക്കിയിരിക്കുകയാണ്.
അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡാണ് താരം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 135 – 2025
ശുഭ്മന്‍ ഗില്‍ – ന്യൂസിലാന്‍ഡ് – 126* – 2023
ഋതുരാജ് ഗെയ്ക്വാദ് – ഓസ്‌ട്രേലിയ – 123 – 2023
വിരാട് കോഹ്‌ലി – 122* – അഫ്ഗാനിസ്ഥാന്‍ – 2022
രോഹിത് ശര്‍മ – അഫ്ഗാനിസ്ഥാന്‍ – 121* – 2024
ഇതിന് പുറമെ ഒരു അന്താരാഷ്ട്ര ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി.
(താരം – എതിരാളികള്‍ – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 13 – 2025
രോഹിത് ശര്‍മ – ശ്രീലങ്ക – 10 – 2017
സഞ്ജു സാംസണ്‍ – സൗത്ത് ആഫ്രിക്ക – 10 – 2024
തിലക് വര്‍മ – സൗത്ത് ആഫ്രിക്ക – 10 – 2024
അഭിഷേക് ശര്‍മയ്ക്ക് പുറമെ 13 പന്തില്‍ 30 റണ്‍സ് നേടിയ ശിവം ദുബെയും ഇന്ത്യന്‍ നിരയില്‍ മികച്ചു നിന്നു. 15 പന്തില്‍ 24 റണ്‍സ് നേടിയ തിലക് വര്‍മ, ഏഴ് പന്തില്‍ 16 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ എന്നിവരാണ് റണ്‍സ് നേടിയ മറ്റ് താരങ്ങള്‍.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായാണ് താരം പുറത്തായത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് ഒരു മികച്ച ക്യാച്ചിലൂടെ താരത്തെ പുറത്താക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മാര്‍ക് വുഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ജെയ്മി ഓവര്‍ട്ടണും ഓരോ വിക്കറ്റ് വീതവും നേടി.
Content highlight: IND vs ENG: Abhishek Sharma smashed the Highest T20I Score by an Indian.