|

ടി-20യില്‍ സിക്‌സറടിച്ച് ഡബിള്‍ സെഞ്ച്വറി! ചരിത്രത്തിലേക്ക്; വെറും 20 ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം സാധിച്ച നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയം രുചിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലെത്തിയിരിക്കുകയാണ്.

യുവതാരം അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. എട്ട് സിക്സറും അഞ്ച് ഫോറും ഉള്‍പ്പടെ 232.35 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അഭിഷേക് ശര്‍മ സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് താരം തിളങ്ങിയത്. ഈ നേട്ടത്തിലെത്തുന്ന 20ാമത് ഇന്ത്യന്‍ താരമായി മാറാനും ഇതോടെ അഭിഷേക് ശര്‍മയ്ക്കായി.

കരിയറിലെ 125ാം ഇന്നിങ്‌സിലാണ് അഭിഷേക് ശര്‍മ 200 സിക്‌സര്‍ പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏഴാം തവണയും പന്ത് ഗാലറിയിലെത്തിച്ചതിന് പിന്നാലെയാണ് അഭിഷേക് ശര്‍മയെ തേടി ഈ നേട്ടമെത്തിയത്.

ഇന്ത്യന്‍ ദേശീയ ടീമിന് പുറമെ ആഭ്യന്തര തലത്തില്‍ പഞ്ചാബിനും ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകള്‍ക്കായി ബാറ്റേന്തിയാണ് 24കാരന്‍ റെക്കോഡിട്ടത്.

ടി-20 ഫോര്‍മാറ്റില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

  • രോഹിത് ശര്‍മ – 525
  • വിരാട് കോഹ്‌ലി – 416
  • സൂര്യകുമാര്‍ യാദവ് – 341
  • എം.എസ്. ധോണി – 338
  • സഞ്ജു സാംസണ്‍ – 335
  • സുരേഷ് റെയ്ന – 325
  • കെ.എല്‍. രാഹുല്‍ – 311
  • ഹര്‍ദിക് പാണ്ഡ്യ – 279
  • റോബിന്‍ ഉത്തപ്പ – 267
  • യുവരാജ് സിങ് – 261
  • ദിനേഷ് കാര്‍ത്തിക് – 256
  • ശ്രേയസ് അയ്യര്‍ – 247
  • യൂസുഫ് പത്താന്‍ – 243
  • നിതീഷ് റാണ – 238
  • അംബാട്ടി റായിഡു – 231
  • റിഷബ് പന്ത് – 228
  • ശിഖര്‍ ധവാന്‍ – 228
  • ഇഷാന്‍ കിഷന്‍ – 224
  • മനീഷ് പാണ്ഡേ – 222
  • അഭിഷേക് ശര്‍മ – 201*

വരും മത്സരങ്ങളിലും അഭിഷേക് മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ജനുവരി 25നാണ് ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ രണ്ടാം മത്സരം. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയമാണ് വേദി.

Content Highlight: IND vs ENG: Abhishek Sharma completes 200 sixes in T20 format