ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ടോസ് വിജയിച്ച് ഇംഗ്ലണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ബട്‌ലറിന്റെ തീരുമാനം ഫലത്തില്‍ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചതിന് സമാനമാണ്. മത്സരത്തില്‍ ടോസ് നേടിയാല്‍ തങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുമെന്നാണ് സൂര്യകുമാര്‍ യാദവ് പറഞ്ഞത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ അവസാന മത്സരത്തിനിറങ്ങുന്നത്. അര്‍ഷ്ദീപ് സിങ്ങിന് പകരം സൂപ്പര്‍ താരം മുഹമ്മദ് ഷമി വീണ്ടും ടീമിലേക്ക് തിരിച്ചെത്തി.
ഇംഗ്ലണ്ടും ഒരു മാറ്റവുമായാണ് ഇംഗ്ലണ്ടും കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാറിനെയും സഞ്ജുവിനെയും തിലക് വര്‍മയെയും മടക്കിയ സാഖിബ് മഹ്‌മൂദിനെ പുറത്തിരുത്തി മാര്‍ക് വുഡിന് അവസരം നല്‍കിയാണ് ഇംഗ്ലണ്ട് അവസാന മത്സരത്തിനിറങ്ങുന്നത്.
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മോശം ഫോമാണ് ആരാധകരെ നിരാശരാക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ വെറും ഒറ്റ റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.
ഈ പരമ്പരയില്‍ പല റെക്കോഡ് നേട്ടങ്ങളും സഞ്ജുവിന് മുമ്പിലുണ്ടായിരുന്നു. ടി-20 ഫോര്‍മാറ്റിലെ 7,500 റണ്‍സ്, അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് തുടങ്ങിയ നേട്ടങ്ങളായിരുന്നു താരത്തിന് മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ ഈ രണ്ട് റെക്കോഡും ഈ മത്സരത്തില്‍ സ്വന്തമാക്കുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് അസാധ്യം തന്നെയാകും.
എന്നാല്‍ ഈ മത്സരത്തില്‍ താരത്തിന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
നിലവില്‍ 37 ഇന്നിങ്സില്‍ നിന്നും 25.60 ശരാശരിയില്‍ 845 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 36 ഇന്നിങ്സില്‍ നിന്നും 932 റണ്‍സാണ് ഗംഭീര്‍ സ്വന്തമാക്കിയത്. 88 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഗംഭീറിനെ മറികടക്കാന്‍ സാധിക്കും.
പരമ്പരയില്‍ തുടരെ തുടരെ മോശം പ്രകനം കാഴ്ചവെച്ച സഞ്ജു മടങ്ങിവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജേകബ് ബേഥല്‍, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, ജെയ്മി ഓവര്‍ട്ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
Content Highlight: IND vs ENG 5th T20I: England won the toss and elect to field first