ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 166 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുമ്പിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഇന്ത്യ 12 റണ്‍സ് നേടിയെങ്കിലും ജെയ്മി സ്മിത്തിന് പകരക്കാരനായി കളത്തിലിറങ്ങിയ സാഖിബ് മഹ്‌മൂദ് എറിഞ്ഞ രണ്ടാം ഓവറില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഓവറിലെ ആദ്യ പന്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ബ്രൈഡന്‍ കാര്‍സിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ തിലക് വര്‍മ ഗോള്‍ഡന്‍ ഡക്കായും പുറത്തായി.
നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. സാഖിബ് മഹ്‌മൂദിന് ഹാട്രിക് നിഷേധിച്ച താരം ശേഷമെറിഞ്ഞ രണ്ട് പന്തും ഡിഫന്‍ഡ് ചെയ്തു.
എന്നാല്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റനും പിഴച്ചു. മിഡ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെ ഫ്ളിക് ചെയ്യാനുള്ള സൂര്യയുടെ ശ്രമം പാളുകയും ബ്രൈഡന്‍ കാര്‍സിന് ക്യാച്ച് നല്‍കി പുറത്താവുകയുമായിരുന്നു. നാല് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെയാണ് സൂര്യ പുറത്തായത്.
പിന്നാലെയെത്തിയ റിങ്കു സിങ് ചെറുത്തുനിന്നു. 26 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്. ടീം സ്‌കോര്‍ 79ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി റിങ്കു സിങ് പുറത്തായതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. ശേഷം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ്.
ആറാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
ഹര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മടങ്ങി. 30 പന്തില്‍ 53 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്. നാല് വീതം സിക്സറും ബൗണ്ടറിയും നേടിയാണ് താരം പുറത്തായത്.
തിരിച്ചുവരവില്‍ അര്‍ധ സെഞ്ച്വറിയുമായി ശിവം ദുബെയും തിളങ്ങി. 34 പന്തില്‍ 53 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏഴ് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്സ്.
ഇംഗ്ലണ്ടിനായി സാഖിബ് മഹ്‌മൂദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ആദില്‍ റഷീദും ബ്രൈഡന്‍ കാര്‍സുമാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയുടെ ആനുകൂല്യം കൃത്യമായി മുതലാക്കിയ ഇംഗ്ലണ്ട് ആദ്യ ആറ് ഓവറില്‍ 62 റണ്‍സാണ് സ്വന്തമാക്കിയത്.
ആറാം ഓവറിലെ അവസാന പന്തിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടാനായത്. രവി ബിഷ്ണോയ്‌യുടെ പന്തില്‍ സൂര്യകുമാറിന് ക്യാച്ച് നല്‍കി ബെന്‍ ഡക്കാറ്റാണ് പുറത്തായത്. 19 പന്തില്‍ 39 റണ്‍സാണ് ഡക്കറ്റ് നേടിയത്.
അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഫില്‍ സാള്‍ട്ടിനെയും (21 പന്തില്‍ 23) ജോസ് ബട്‌ലറിനെയും (മൂന്ന് പന്തില്‍ രണ്ട്) നഷ്ടമായ ഇംഗ്ലണ്ടിന് കരകയറാന്‍ സാധിച്ചില്ല.
ഒരു വശത്ത് നിന്ന് ഹാരി ബ്രൂക്ക് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകളും വീണുകൊണ്ടിരുന്നു. രണ്ടക്കം കടക്കാന്‍ സാധിക്കാതെയാണ് ലിവിങ്‌സ്റ്റണ്‍ അടക്കമുള്ളവര്‍ വീണത്.
അര്‍ധ സെഞ്ച്വറിയുമായി ബ്രൂക്ക് വെടിക്കെട്ട് നടത്തി. എന്നാല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബ്രൂക്കിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. 26 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്.
ഒടുവില്‍ 19.4 ഓവറില്‍ ഇംഗ്ലണ്ട് 166ന് പുറത്തായി.
ഇന്ത്യയ്ക്കായി രവി ബിഷ്‌ണോയ്‌യും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് വീതം നേടി. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മത്സരത്തിന് വേദിയാകുന്നത്.
Content Highlight: IND vs ENG 4th TI: India defeated England and seal the series