|

ഒറ്റ ഓവറില്‍ ഒറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റ്; ബട്‌ലര്‍ കാത്തുവെച്ച വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തിരിച്ചടി. രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വെറും 12 റണ്‍സിന് മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ 12 റണ്‍സാണ് പിറന്നത്. ഒരു സിക്‌സറും ഫോറുമായി അഭിഷേക് ശര്‍മയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്.

മാര്‍ക് വുഡിന് പകരം ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാക്കിയ സൂപ്പര്‍ പേസര്‍ സാഖിബ് മഹ്‌മൂദിനെയാണ് രണ്ടാം ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പന്തേല്‍പ്പിച്ചത്.

ഓവറിലെ ആദ്യ പന്തില്‍ സഞ്ജു സാംസണെ മടക്കിയാണ് മഹ്‌മൂദ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ഒരിക്കല്‍ക്കൂടി ഷോര്‍ട്ട് ബോള്‍ കെണിയില്‍പ്പെട്ട് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞു.

വണ്‍ ഡൗണായി സൂപ്പര്‍ താരം തിലക് വര്‍മയാണ് ക്രീസിലെത്തിയത്. എന്നാല്‍ തിലകിനെയും ക്രീസില്‍ നിര്‍ത്താതെ മഹ്‌മൂദ് വേട്ട തുടര്‍ന്നു. ഇംഗ്ലണ്ട് പേസര്‍ ഏറിഞ്ഞ ഫുള്ളര്‍ ഡെലിവെറിയില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച തിലക് വര്‍മയ്ക്ക് പിഴയ്ക്കുകയും ഡീപ് തേര്‍ഡില്‍ ജോഫ്രാ ആര്‍ച്ചറിന് ക്യാച്ച് നല്‍കി ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയുമായിരുന്നു.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. സാഖിബ് മഹ്‌മൂദിന് ഹാട്രിക് നിഷേധിച്ച താരം ശേഷമെറിഞ്ഞ രണ്ട് പന്തുകളും ഡിഫന്‍ഡ് ചെയ്തു. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ സൂര്യയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.

മിഡ് ഓണിനും മിഡ്‌വിക്കറ്റിനും ഇടയിലൂടെ ഫ്‌ളിക് ചെയ്യാനുള്ള സൂര്യയുടെ ശ്രമം അമ്പേ പരാജയപ്പെടുകയും ഷോര്‍ഡ് മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്ത ബ്രൈഡന്‍ കാര്‍സിന് ക്യാച്ച് നല്‍കി പുറത്താവുകയുമായിരുന്നു. നാല് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് സ്‌കൈ പുറത്തായത്.

ഓവറില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ താരം മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്.

അതേസമയം, നാല് ഓവര്‍ പിന്നിടുമ്പോള്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി റിങ്കു സിങ്ങും 11 പന്തില്‍ 20 റണ്‍സുമായി അഭിഷേക് ശര്‍മയുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജേകബ് ബേഥല്‍, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, ജെയ്മി ഓവര്‍ട്ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

Content Highlight: IND vs ENG 4th T20I: Saqib Mahmood’s triple wicket maiden against India

Video Stories