ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിലും നിരാശനാക്കി സഞ്ജു സാംസണ്‍. ആറ് പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്.
മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജു പുറത്തായത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. 145.7 കിലോമീറ്റര്‍ വേഗതയിലെത്തിയ ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമം പാളുകയും മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്ത ആദില്‍ റഷീദിന്റെ കയ്യില്‍ ഒതുങ്ങുകയുമായിരുന്നു.
3RD T20I. WICKET! 2.2: Sanju Samson 3(6) ct Adil Rashid b Jofra Archer, India 16/1 https://t.co/Gwe8SY1mvV #INDvENG @IDFCFIRSTBank
— BCCI (@BCCI) January 28, 2025
ഈ പരമ്പരയില്‍ ഇത് മൂന്നാം തവണയാണ് സഞ്ജു ആര്‍ച്ചറിന്റെ പന്തില്‍ പുറത്താകുന്നത്.
പരമ്പരയിലെ ആദ്യ മത്സത്തില്‍ സഞ്ജുവിനെ ഗസ് ആറ്റ്കിന്‍സണിന്റെ കയ്യിലെത്തിച്ച് പുറത്താക്കിയ ആര്‍ച്ചര്‍ രണ്ടാം മത്സരത്തില്‍ ബ്രൈഡന്‍ കാര്‍സിന്റെ കൈകളിലെത്തിച്ചും മടക്കി.
തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും ആര്‍ച്ചറിന്റെ പന്തില്‍ പുറത്തായതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇംഗ്ലണ്ട് താരത്തിന്റെ ബണ്ണിയായിരിക്കുകയാണ്.
ഒരു ബൗളര്‍ ഒരു ബാറ്ററെ തുടര്‍ച്ചയായി പുറത്താക്കുകയാണെങ്കില്‍ ആ ബാറ്റര്‍ ബൗളറുടെ ബണ്ണിയെന്നാണ് അറിയപ്പെടുക.
നേരത്തെ ഇത്തരത്തില്‍ സഞ്ജുവിനെ തുടര്‍ച്ചയായി പുറത്താക്കിയ താരമാണ് ശ്രീലങ്കന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്ക. ഐ.പി.എല്ലിലും ഇന്ത്യന്‍ ജേഴ്‌സിയിലുമായി എട്ടോളം തവണയാണ് ഹസരങ്ക സഞ്ജുവിനെ പുറത്താക്കിയത്. ഹസരങ്കയ്‌ക്കെതിരെ താരത്തിന്റെ ബാറ്റിങ് റെക്കോഡും മോശമാണ്.
ഇപ്പോള്‍ ഹസരങ്കയ്ക്ക് പിന്നാലെ ജോഫ്രാ ആര്‍ച്ചറും സഞ്ജുവിന്റെ ദൗര്‍ബല്യം മനസിലാക്കിയിരിക്കുകയാണ്. ഈ രണ്ട് താരങ്ങളും നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലാണ് എന്നതും ശ്രദ്ധേയമാണ്. ഐ.പി.എല്‍ 2025ല്‍ ഇരുവരും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കളിത്തിലിറങ്ങേണ്ടവരാണ്.
അതേസമയം, ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 12 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 14 പന്തില്‍ ആറ് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും 17 പന്തില്‍ 12 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.
Content Highlight: IND vs ENG 3rd T20I: Jofra Archer dismissed Sanju Samson for the 3rd consecutive time